ഇക്കുറി മഴയില്‍ കുറവുണ്ടാവില്ലെന്ന് കാലാവസ്ഥാ കേന്ദ്രം

ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇത് അഞ്ചു ശതമാനം കൂടുകയോ കുറയുകയോ ചെയ്‌തേക്കാം.ശരാശരിയില്‍ കൂടുതലോ അധിക മഴയോ ലഭിക്കാനുള്ള സാധ്യതയില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Update: 2019-04-15 12:50 GMT

ന്യൂഡല്‍ഹി: രാജ്യത്തെ മണ്‍സൂണ്‍ മഴയില്‍ ഈ വര്‍ഷം കുറവുണ്ടാവില്ലെന്ന് കാലാവസ്ഥാ വകുപ്പ്. ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇത് അഞ്ചു ശതമാനം കൂടുകയോ കുറയുകയോ ചെയ്‌തേക്കാം.ശരാശരിയില്‍ കൂടുതലോ അധിക മഴയോ ലഭിക്കാനുള്ള സാധ്യതയില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.രാജ്യത്തിന്റെ എല്ലായിടത്തും ഒരു പോലെ മഴ കിട്ടാന്‍ സാധ്യതയുണ്ടെന്നും പ്രവചനം വ്യക്തമാക്കുന്നു. കനത്ത മഴ ലഭിക്കുമെങ്കിലും പ്രളയ സമാനമായ സാഹചര്യം ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് മഴ മൂലം അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാകില്ല. മാത്രമല്ല ഇത്തവണ എല്‍നീനോ പ്രതികൂലമായി കേരളത്തെ ബാധിക്കില്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂഡല്‍ഹി ലോധി റോഡിലെ കാലാവസ്ഥാ കേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസസമ്മേളനത്തില്‍ ഇന്ത്യ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ ഡോ.കെ. ജെ രമേശാണ് ഇക്കാര്യം അറിയിച്ചത്.

ദീര്‍ഘകാല ശരാശരിക്ക് അടുത്ത മഴ ലഭിക്കുമെന്നാണു നിഗമനം. കഴിഞ്ഞ 50 വര്‍ഷമായി രാജ്യത്തു ലഭിക്കുന്ന കാലവര്‍ഷത്തിന്റെ ദീര്‍ഘകാല ശരാശരി ഏകദേശം 89 സെന്റീമീറ്ററാണ്. ജൂണ്‍ ഒന്നിന് കേരളത്തിലെത്തുന്ന കാലവര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള നാലു മാസമാണ് നീണ്ടുനില്‍ക്കാറ്. എല്‍ നിനോ പ്രതിഭാസം മണ്‍സൂണിനെ ബാധിക്കാന്‍ സാധ്യതയില്ലെന്നും ഐഎംഡി വ്യക്തമാക്കി.

എന്നാല്‍ അവസാന ഘട്ടമായ ആഗസ്തില്‍ നേരിയ തോതില്‍ എല്‍ നിനോയുടെ പ്രഭാവം അനുഭവപ്പെടും. ഇതു മഴയുടെ തോതു കുറയ്ക്കുമെങ്കിലും കാര്‍ഷിക മേഖലയെ ബാധിക്കില്ല.

പസഫിക് സമുദ്ര താപനില അസാധാരണമായി ഉയരുന്ന വര്‍ഷങ്ങളില്‍ രൂപമെടക്കുന്ന എല്‍ നിനോ എന്ന ഉഷ്ണജല പ്രതിഭാസം ഈ വര്‍ഷം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ വര്‍ഷത്തെ മഴയില്‍ കുറവുണ്ടാകുമെന്ന് സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ ഏജന്‍സി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് പ്രവചിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ കാലാവസ്ഥയെപ്പറ്റി പ്രവചിക്കാനും മറ്റും ഔദ്യോഗികമായി ചുമതലയുള്ളത് ഐഎംഡിക്ക് മാത്രമാണ്. എല്‍ നിനോയ്ക്ക് സാധ്യതയുള്ളതായി ആസ്‌ത്രേലിയന്‍ കാലാവസ്ഥാ കേന്ദ്രം ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പറയുന്നു. ഓഗസ്റ്റിലേക്ക് എല്‍ നിനോ കൂടുതല്‍ ശക്തമാകുമെന്നും ചില ഏജന്‍സികള്‍ പറയുന്നു.

Tags: