സീറോ മലബാര്‍ സഭാ സിനഡിനെതിരെ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം

സഭാ സിനഡ് ചര്‍ച്ച ചെയ്യേണ്ടത് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണെന്ന് സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.എറണാകുളം-അങ്കമാലി അതിരൂപതയുടെ പേരില്‍ 'ചിലര്‍' അന്യായമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടതിനാല്‍ 5.84 കോടിയോളം രൂപ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിന് പിഴയായി നല്‍കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. കാനോനിക സമിതികളെ നോക്കുകുത്തിയാക്കിയാണ് ഈ അഴിമതി പരമ്പരകള്‍ നടന്നത്

Update: 2021-08-19 12:21 GMT

കൊച്ചി: സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിനെതിരെ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം.സഭാ സിനഡ് ചര്‍ച്ച ചെയ്യേണ്ടത് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണെന്ന് സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ പേരില്‍ 'ചിലര്‍' അന്യായമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടതിനാല്‍ 5.84 കോടിയോളം രൂപ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിന് പിഴയായി നല്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. കാനോനിക സമിതികളെ നോക്കുകുത്തിയാക്കിയാണ് ഈ അഴിമതി പരമ്പരകള്‍ നടന്നത് എന്ന വസ്തുത നേരത്തെ കെപിഎംജി റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. സഭാധ്യക്ഷന്‍ മെത്രാപ്പോലീത്തയായിരിക്കുന്ന അതിരൂപതയില്‍ നടന്നതായി ഇന്‍കം ടാക്‌സ് വെളിപ്പെടുത്തിയിരിക്കുന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ സിനഡ് അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്ന് സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

സഭയുടെ ഇപ്പോഴത്തെ പ്രശ്‌നം ആരാധനയര്‍പ്പണത്തിലെ ഐകരൂപ്യത്തിന്റെ അഭാവമല്ല, പ്രവാചക ധീരതയുടെ ധാര്‍മ്മികസ്വരം അന്യമായതാണ് എന്ന് ആര്‍ക്കാണറിയാത്തത്? കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി സഭയിലെ നേതൃരൂപതയായ, എറണാകുളംഅങ്കമാലി മേജര്‍ അതിരൂപതയില്‍ നടന്ന ഭൂമി വില്‍പന അഴിമതിയുമായി ബന്ധപ്പെട്ട് സിനഡ് എടുത്തതും എടുക്കാതിരുന്നതുമായ നിലപാടുകളുടെ ദാരിദ്ര്യമാണ് സഭ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ സ്വത്വ പ്രതിസന്ധി. അല്ലാതെ കിഴക്കോട്ട് തിരിഞ്ഞാല്‍ മാത്രം പൂര്‍ണ്ണമാകുന്ന അസ്തിത്വ പ്രശ്‌നമല്ല. മാത്രവുമല്ല, യഥാര്‍ഥ പ്രശ്‌നങ്ങളെ മറയ്ക്കാന്‍ തരാതരം ആരാധനാ ക്രമത്തെ വിവാദമാക്കുന്നവരാണ് സഭയില്‍ യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതാണ് വാസ്തവമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് മൂന്നാം തരംഗം സര്‍വ്വനാശ ഭീഷണിയായി ഉമ്മറപ്പടിയില്‍ ഉറ്റുനോക്കുന്ന ഈ ദുരിതാതുരകാലത്ത്, സിനഡ് സമ്മേളിക്കുമ്പോള്‍ അത് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചുള്ള ആകാംക്ഷ സാധാരണ വിശ്വാസികളോടൊപ്പം പൊതുസമൂഹവും പങ്കുവയ്ക്കുന്നുണ്ട്.സിനഡു വിജയത്തിനായി സഭാ ആസ്ഥാനത്തുനിന്നും നല്‍കപ്പെട്ട പ്രാര്‍ത്ഥനാഹ്വാന സര്‍ക്കുലറിലെ സൂചനപ്രകാരം നവീകരിക്കപ്പെട്ട കുര്‍ബാനക്രമം നടപ്പാക്കേണ്ട തീയതി പ്രഖ്യാപനം മാത്രമാണ് പ്രധാന അജണ്ടയായി സിനഡ് സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയതായി മനസ്സിലാകുന്നത്. ഇതോടൊപ്പം മുമ്പ് നടന്ന സിനഡിലോ മറ്റേതെങ്കിലും ഔപചാരികവേദിയിലോ ചര്‍ച്ച ചെയ്യാതിരുന്ന കുര്‍ബാനയര്‍പ്പണരീതിയി ന്മേലുള്ള ഐകരൂപ്യവും അസാധാരണമായ രീതിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു!

സഭയില്‍ എല്ലാ തലങ്ങളിലും പൂര്‍ണ്ണമായ ഐക്യം കൈവരുന്നതിനും സഭയുടെ പ്രേഷിതചൈതന്യം പരിപോഷിപ്പിക്കുന്നതിനും ഉപയുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് എല്ലാവരുടെയും പ്രാര്‍ഥനാ സഹായം അപേക്ഷിക്കുന്ന സര്‍ക്കുലറില്‍, പക്ഷേ ഐകരൂപ്യത്തിനുവേണ്ടിയുള്ള നിര്‍ബന്ധിതാഹ്വാനത്തിലൂടെ ഐക്യത്തിലേക്കുള്ള വഴികളെ അടച്ചുകളയുന്നു എന്നതാണ് വാസ്തവമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

അജപാലനപരമായ പ്രതിസന്ധികള്‍ മുമ്പില്‍ കണ്ട് മുമ്പ് ഉപേക്ഷിച്ച ഐകരൂപ്യ തീരുമാനം യാതൊരു മുന്നറിയിപ്പും മുന്നൊരുക്കവുമില്ലാതെ ദുരിതപര്‍വ്വങ്ങളുടെ ഈ കെട്ടകാലത്ത് അത്യുത്സാഹത്തോടെ നടപ്പാക്കാനൊരുങ്ങുന്നത് സഭയിലെ പ്രേഷിത ചൈതന്യത്തെ ഏത് വിധമാണ് അടിയന്തിരമായി ഉജ്ജ്വലിപ്പിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സഭയുടെ ഐക്യത്തെ ബലികഴിച്ചുകൊണ്ട് ഹൃദയത്തോട് അടുത്തു നില്‍ക്കുന്നവയില്‍ ഐകരൂപ്യം അടിച്ചേല്‍പിക്കരുതെന്ന് സിനഡിനെ അഭിസംബോധന ചെയ്തുകൊണ്ട് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഡോ. ലിയോ പോള്‍ ദോ ജിറേല്ലി പറഞ്ഞതില്‍ മാര്‍പാപ്പയുടെ മനസ്സുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

സീറോ മലബാര്‍ സഭയില്‍ അനൈക്യമുണ്ടെന്നും, അതിനാധാരം ആരാധനാക്രമം മാത്രമാണെന്നുമുള്ള വാദം ചില പ്രത്യേക സമയങ്ങളില്‍ മാത്രം ഉയര്‍ന്നു വരുന്നതിനെയാണ് അനൈക്യശ്രമമായി വാസ്തവത്തില്‍ വിലയിരുത്തേണ്ടതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ 29ാം സിനഡിന്റെ രണ്ടാം സമ്മേളനം ഈ മാസം 16 മുതലാണ് ഓണ്‍ലൈനായി ആരംഭിച്ചത്. 27 വരെ യാണ് സിനഡ് നടക്കന്നുന്നത്. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെ ഇത് മൂന്നാം തവണയാണ് ഔണ്‍ലൈന്‍ പ്ലാറ്റ് ഫോമിലെ സിനഡ് സമ്മേളനം നടക്കുന്നത്. 2020 ആഗസ്റ്റിലും, 2021 ജനുവരിയിലും ഓണ്‍ലൈനായിട്ടായിരുന്നു, സിനഡ് കൂടിയത്.

Tags:    

Similar News