മുസ് ലിംകളെ ആക്രമിക്കാന്‍ കാരണം കണ്ടെത്തുന്നു; ഫ്രഞ്ച് പ്രസിഡന്റിനെതിരേ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍

മതത്തെ ആക്രമിക്കാനുള്ള ഒരു കാരണമായി തന്റെ രാജ്യത്തെ പ്രതിസന്ധികളെ അദ്ദേഹം ഉപയോഗിക്കുകയാണ്. മാക്രോണിന്റെ നേതൃത്വത്തിലുള്ള ഇത്തരം നടപടികളുടെ പ്രധാന ലക്ഷ്യം ഇസ് ലാമുമായും മുസ് ലിംകളുമായും പഴയ കണക്കുകള്‍ തീര്‍ക്കുക എന്നതാണ്. ഇസ് ലാമിന്റെ ഉയര്‍ച്ചയില്‍ അസ്വസ്ഥരായവര്‍ നമ്മുടെ മതത്തെ ആക്രമിക്കാനുള്ള ഒരു ഒഴികഴിവായി അവര്‍ തന്നെ സൃഷ്ടിച്ച പ്രതിസന്ധികളെ ഉപയോഗിക്കുകയാണ്.

Update: 2020-10-21 05:42 GMT

അങ്കാറ: മുസ് ലിംകളെയും ഇസ് ലാമിനെയും ആക്രമിക്കാനും 'പഴയ കണക്കുകള്‍' തീര്‍ക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒഐസി) ഉച്ചകോടിയില്‍ ചൊവ്വാഴ്ചയാണ് ഉര്‍ദുഗാന്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരേ ആഞ്ഞടിച്ചത്. ഇസ് ലാമിനെ 'പരിഷ്‌കരി'ക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. മതത്തെ ആക്രമിക്കാനുള്ള ഒരു കാരണമായി തന്റെ രാജ്യത്തെ പ്രതിസന്ധികളെ അദ്ദേഹം ഉപയോഗിക്കുകയാണ്. മാക്രോണിന്റെ നേതൃത്വത്തിലുള്ള ഇത്തരം നടപടികളുടെ പ്രധാന ലക്ഷ്യം ഇസ് ലാമുമായും മുസ് ലിംകളുമായും പഴയ കണക്കുകള്‍ തീര്‍ക്കുക എന്നതാണ്. ഇസ് ലാമിന്റെ ഉയര്‍ച്ചയില്‍ അസ്വസ്ഥരായവര്‍ നമ്മുടെ മതത്തെ ആക്രമിക്കാനുള്ള ഒരു ഒഴികഴിവായി അവര്‍ തന്നെ സൃഷ്ടിച്ച പ്രതിസന്ധികളെ ഉപയോഗിക്കുകയാണ്. മുസ് ലിം വിരുദ്ധ, ഇസ് ലാം വാചാടോപങ്ങള്‍ ഇന്ന് പാശ്ചാത്യ രാഷ്ട്രീയക്കാരുടെ സ്വന്തം പരാജയങ്ങള്‍ മറച്ചുവയ്ക്കാനുള്ള ഏറ്റവും ഉപയോഗപ്രദമായ ഉപകരണമാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

    'ഇസ് ലാമിക വിഘടനവാദം' പ്രശ്‌നമാണെന്ന് മാക്രോണ്‍ കഴിഞ്ഞ ആഴ്ച മാക്രോണ്‍ പ്രസ്താവിച്ചിരുന്നു. സ്വന്തം നിയമങ്ങള്‍ രാജ്യത്തിന്റെ നിയമങ്ങളേക്കാള്‍ മികച്ചതായിരിക്കണമെന്ന് അവകാശപ്പെടുന്ന ഒരു പ്രത്യയശാസ്ത്രമാണ് പ്രശ്‌നമെന്നാണെന്നായിരുന്നു മാക്രോണിന്റെ പരാമര്‍ശം. ഒക്ടോബര്‍ രണ്ടിന് മാക്രോണ്‍ പുറപ്പെടുവിച്ച പുതിയ നിയമത്തില്‍ മതചിഹ്നങ്ങളുടെ നിരോധനം വിപുലീകരിക്കുകയും പൊതുസേവനങ്ങള്‍ നല്‍കുന്ന സ്വകാര്യമേഖലയിലെ ജീവനക്കാരായ മുസ് ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നതിനെ ബാധിക്കുകയും ചെയ്യുന്നുണ്ട്. പ്രാദേശിക അധികാരികള്‍ മുസ് ലിംകള്‍ക്ക് ഇളവുകള്‍ നല്‍കുന്നത് മറികടക്കാന്‍ രാജ്യത്തിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്‌കൂള്‍ കാന്റീനുകളിലെ മതപരമായ മെനുകള്‍, നീന്തല്‍ക്കുളങ്ങളിലെ പ്രവേശനം, കുട്ടികള്‍ക്ക് 'പ്രബോധനം' നടത്താതിരിക്കാന്‍ ഹോം സ്‌കൂളുകള്‍ക്കു നിയന്ത്രണം എന്നിവയെല്ലാം കരട് നിയമത്തിലുണ്ട്. ഡിസംബറില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന ബില്‍ തങ്ങളുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ കാരണമാവുമെന്നു ചൂണ്ടിക്കാട്ടി ഫ്രഞ്ച് മുസ് ലിംകള്‍ മാക്രോണിന്റെ പ്രസംഗത്തിനെതിരേ രംഗത്തെത്തിയിരുന്നു.

     വിവാദ പദ്ധതി പ്രകാരം ചില സര്‍ക്കാരിതര സംഘടനക(എന്‍ജിഒ)ളെ രാജ്യത്തിന്റെ നിയമത്തിനും മൂല്യങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെന്നു മുദ്രകുത്തി നിരോധിക്കാം. കര്‍ശനമായ സാമ്പത്തിക ഓഡിറ്റിങിനും വിധേയമാക്കും. ഇത്തരം കാര്യങ്ങള്‍ ഇസ് ലാമോഫോബിയയാണെന്നും വിവേചനപരമാണെന്നും ചില മുസ് ലിം സംഘടനകളുടെ പ്രതിനിധികള്‍ ആരോപിച്ചിട്ടുണ്ട്. 'ഫ്രഞ്ച് ഇസ്ലാം,' 'യൂറോപ്യന്‍ ഇസ്ലാം', 'ഓസ്ട്രിയന്‍ ഇസ്ലാം' തുടങ്ങിയ സമീപകാല പരാമര്‍ശങ്ങള്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ആക്രമണ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

    തെരുവുകളിലും ബസാറുകളിലും സാമൂഹിക ജീവിതത്തിലും മതപരമായ ചിഹ്നങ്ങള്‍ക്കും തത്വങ്ങള്‍ക്കും യാതൊരു വിലയും ഇല്ലാതെ മതം വീടുകള്‍ക്കുള്ളില്‍ മാത്രം നിലനില്‍ക്കുന്ന ഒരു ഇസ്ലാം വിരുദ്ധ സംവിധാനം ഏര്‍പ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. മതം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കുകയാണ്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്. ആര്‍ക്കും, പ്രത്യേകിച്ച് മുസ്ലിം രാജ്യങ്ങള്‍ക്ക്, അത്തരം നയങ്ങളെ അനുവദിക്കാനാവില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

    യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം ന്യൂനപക്ഷമാണ് ഫ്രാന്‍സിലുള്ളത്. 67 ദശലക്ഷം ജനസംഖ്യയില്‍ 5 ദശലക്ഷമോ അതില്‍ കൂടുതലോ മുസ് ലിംകളാണ്. മതചിഹ്നങ്ങ പരസ്യമായി ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുന്നത് വിവാദമായിട്ടുണ്ട്. ഫ്രാന്‍സിന്റെ 'മതേതര നിയമങ്ങള്‍' മുസ്ലിം വിരുദ്ധ വിദ്വേഷം വളര്‍ത്തുകയും മുസ്ലിം സ്ത്രീകളോട് വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്ന് വര്‍ഷങ്ങളായി ആക്ഷേപമുണ്ട്. മുസ്ലിം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിക്കുന്നത് 2004ല്‍ ഫ്രാന്‍സ് വിലക്കിയിരുന്നു.

    2010 ല്‍ പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ, നിഖാബ് തുടങ്ങിയ ഇസ് ലാമിക വസ്ത്രങ്ങള്‍ നിരോധിച്ച യൂറോപ്പിലെ ആദ്യ രാജ്യം കൂടിയാണ് ഫ്രാന്‍സ്. 2014 ല്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി നിരോധനം ശരിവച്ചു. മുസ്ലിം രാജ്യങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുസ്ലിംകള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒറ്റക്കെട്ടാവണമെന്നും ഉര്‍ദുഗാന്‍ ഓര്‍മിപ്പിച്ചു.

    ആഗോളതലത്തില്‍ ഭീകരതയുടെയോ ആക്രമണത്തിന്റെയോ ഫലമായി പ്രതിദിനം ആയിരത്തോളം മുസ്ലിംകള്‍ കൊല്ലപ്പെടുന്നുവെന്ന് ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. വംശീയത, ദേശീയത, വിഭാഗീയത, ഭീകരത തുടങ്ങിയ ആശയങ്ങള്‍ ഇസ്ലാമിനെ ഉള്ളില്‍ നിന്ന് നശിപ്പിക്കുകയാണ്. ''സുന്നി-ഷിയ, കറുപ്പ്-വെളുപ്പ്, ടര്‍ക്കിഷ്-കുര്‍ദിഷ്, അറബ്-പേര്‍ഷ്യന്‍ ലേബലുകള്‍ ഉപയോഗിച്ച് സാമ്രാജ്യത്വവാദികള്‍ക്ക് ഞങ്ങളെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല. കൊലപാതകത്തെ മുസ് ലിംകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഒരു വ്യക്തിയെ കൊല്ലുന്നത് മനുഷ്യരാശിയെ മൊത്തത്തില്‍ കൊല്ലുന്നതിനു തുല്യമായി കാണുന്ന ഒരു മതത്തിലെ അംഗങ്ങള്‍ക്ക് ഒരു കൊലപാതകവും ചെയ്യാന്‍ കഴിയില്ലെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

Erdoğan: Macron aims to 'settle old scores' with Islam, Muslims




Tags:    

Similar News