ഭീമാ കൊറേഗാവ് കേസ്: 22 പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്രയിലെ അന്നത്തെ ബിജെപി സര്‍ക്കാരിനെതിരേയും യുദ്ധം ചെയ്യാന്‍ 22 പേര്‍ ഗൂഡാലോചന നടത്തിയെന്നും എന്‍ഐഎ പറയുന്നു.

Update: 2021-08-24 05:27 GMT

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ 22 പേര്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. വരവര റാവു, സുധ ഭരദ്വാജ്, ആനന്ദ് തെല്‍തുംബ്‌ദെ, വെര്‍ണോണ്‍ ഗോണ്‍സാല്‍വേസ്, ഗൗതം നവ്‌ലാഖ, സുധീര്‍ ധാവ്‌ലെ അടക്കമുള്ള കുറ്റാരോപിതര്‍ക്കെതിരേ 17 കുറ്റങ്ങളാണ് എന്‍ഐഎ തിങ്കളാഴ്ച്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും കുറ്റാരോപിതര്‍ ഭീഷണിയാണെന്നും സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ ആരോപിക്കുന്നു. ജെഎന്‍യു, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) അടക്കം വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ 'ഭീകര പ്രവര്‍ത്തനത്തിനായി' ഇവര്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്രയിലെ അന്നത്തെ ബിജെപി സര്‍ക്കാരിനെതിരേയും യുദ്ധം ചെയ്യാന്‍ 22 പേര്‍ ഗൂഡാലോചന നടത്തിയെന്നും എന്‍ഐഎ പറയുന്നു. നേപ്പാളില്‍ നിന്നും മണിപ്പൂരില്‍ നിന്നും 400000 റൗണ്ട് വെടിയുണ്ടകളും എം4 തോക്കുകളും സംഘടിപ്പിക്കുന്നതിനായി എട്ട് കോടി രൂപ കണ്ടെത്താന്‍ അവര്‍ ഗൂഡാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഐപിസി 121 (രാജ്യത്തിനെതിരേ യുദ്ധം ചെയ്യുക), ഐപിസി 121 എ (രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ ഗൂഡാലോചന നടത്തുക), ഐപിസി 124(രാജ്യദ്രോഹം), ഐപിസി 120ബി, ഐപിസി 153 എ, യുഎപിഎ 10, 13, 16, 18, 18ബി, 20, 38, 40 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഗൂഢാലോചന നടത്തുകയും വധിക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തു എന്നതായിരുന്നു പ്രതികള്‍ക്കെതിരേ എന്‍ഐഎ ആരോപിച്ചിരുന്ന കുറ്റം. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, അധ്യാപകര്‍, കവികള്‍, ആദിവാസി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 16 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

ഈ കേസിലെ കുറ്റാരോപിതനും ആദിവാസികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ ഫാ. സ്റ്റാന്‍ സ്വാമി അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുമ്പോഴും നിരന്തരം ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കൊല്ലപ്പെട്ടിരുന്നു. 81 വയസ്സുള്ള തെലുങ്കു കവി വരവര റാവിന് ആരോഗ്യ കാരണങ്ങളാല്‍ ആറുമാസങ്ങള്‍ മുമ്പ് ജാമ്യം അനുവദിച്ചു. ശേഷിച്ച 14 പേരും യുഎപിഎ ചുമത്തി അഴിക്കുള്ളിലാണ്.