അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ഫെബ്രുവരി10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെ ബാക്കി എല്ലായിടത്തും ബിജെപിയാണ് ഭരിക്കുന്നത്.
ന്യൂഡൽഹി: ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഈ അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
യുപിയിലെ 403 സീറ്റുകളിലേക്കും പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കും മണിപ്പൂരിലെ 60 സീറ്റുകളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴ് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു.
സംസ്ഥാനം | ഘട്ടങ്ങൾ | തീയതി | വോട്ടെണ്ണൽ |
ഉത്തർപ്രദേശ് | 7 ഘട്ടങ്ങൾ | ഫെബ്രുവരി 10, 14, 20, 23, 27,മാർച്ച് 3, 7 | മാർച്ച് 10 |
പഞ്ചാബ് | 1 ഘട്ടം | 14 ഫെബ്രുവരി | മാർച്ച് 10 |
മണിപ്പൂർ | 2 ഘട്ടം | 27 ഫെബ്രുവരി, 3 മാർച്ച് | മാർച്ച് 10 |
ഗോവ | 1 ഘട്ടം | 14 ഫെബ്രുവരി | മാർച്ച് 10 |
ഉത്തരാഖണ്ഡ് | 1 ഘട്ടം | 14 ഫെബ്രുവരി | മാർച്ച് 10 |
18.34 കോടി വോട്ടർമാരാണ് അഞ്ച് സംസ്ഥാനങ്ങളിലുമായി വോട്ടവകാശം വിനിയോഗിക്കുക. എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർമാരോടും പ്രധാന പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനിലെ പരമാവധി വോട്ടർമാർ 1250 മാത്രമായിരിക്കും.
എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു ബൂത്തിലെങ്കിലും വനിതകളായ പോളിങ് ഉദ്യോഗസ്ഥർ മാത്രമുള്ള ഒരു ബൂത്തെങ്കിലുമുണ്ടാകുമെന്ന് ഉറപ്പാക്കും. സ്ഥാനാർത്ഥികൾക്ക് ഓൺലൈനായി നാമനിർദേശപത്രിക സമർപ്പിക്കാം. ഇത് പരമാവധി പ്രോത്സാഹിപ്പിക്കുന്നു. എല്ലാ പോളിങ് സ്റ്റേഷനുകളും താഴത്തെ നിലയിൽത്തന്നെയാകും എന്നുറപ്പാക്കും.
നിലവിലെ കൊവിഡ് സാഹചര്യത്തിൽ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് റാലികളൊന്നും നടത്തില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വലിയ ജനക്കൂട്ടം ഒത്തുകൂടുന്ന പൊതുപരിപാടികൾ നടത്തുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും കോൺഗ്രസ് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെ ബാക്കി എല്ലായിടത്തും ബിജെപിയാണ് ഭരിക്കുന്നത്. മാർച്ച്, മേയ് മാസങ്ങളിലായി ഈ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

