എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: വംശീയ അധിക്ഷേപം നടത്തിയ എഡിജിപിയെ സസ്‌പെന്റ് ചെയ്യണം-പി അബ്ദുല്‍ ഹമീദ്

Update: 2023-04-18 10:43 GMT

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വംശീയ അധിക്ഷേപം നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. സംഭവം സംബന്ധിച്ച് വ്യാജ കഥകള്‍ പ്രചരിക്കുന്നതിനപ്പുറം ദുരൂഹതകള്‍ ഇന്നും തുടരുകയാണ്. ഇതിനിടെയാണ് പ്രതി തീവ്ര പ്രസംഗം കേട്ട് പ്രചോദിതമായതാണെന്നും അയാള്‍ ജനിച്ചുവളര്‍ന്നു എന്ന കാരണത്താല്‍ ഒരു പ്രദേശത്തെ തന്നെ വംശീയമായി അധിക്ഷേപിച്ചും എഡിജിപി സംസാരിച്ചത്. വംശീയ ഉന്മൂലനം ലക്ഷ്യംവച്ച സിഎഎയ്‌ക്കെതിരേ രാജ്യത്തുയര്‍ന്നുവന്ന പൗരത്വ സംരക്ഷണ പ്രക്ഷോഭത്തിലൂടെയാണ് ഷാഹീന്‍ ബാഗ് ലോക ശ്രദ്ധ നേടിയത്. നാളിതുവരെ ഒരു വിധ്വംസക പ്രവര്‍ത്തനവും അവിടെ നടന്നതായി റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നിരിക്കേ സംഘപരിവാര ഭാഷ്യം ആവര്‍ത്തിക്കുകയായിരുന്നു എഡിജിപി. കേരളത്തിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവനയിലൂടെ എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്ന് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. രാജ്യത്തെ ഞെട്ടിച്ച ഒരു ഡസനിലധികം സ്‌ഫോടനങ്ങളില്‍ നിരപരാധികള്‍ തടവിലാക്കപ്പെടുകയും പിന്നീട് ഹേമന്ദ് കര്‍ക്കരെയെന്ന സത്യസന്ധനായ പോലിസ് ഉദ്യോഗസ്ഥനാണ് സ്‌ഫോടനങ്ങളിലെ സംഘപരിവാര ബന്ധം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് കര്‍ക്കരെ ദുരൂഹസാഹചര്യത്തില്‍ രക്തസാക്ഷിയായെങ്കിലും അതോടെ സ്‌ഫോടനങ്ങള്‍ നിലയ്ക്കുകയായിരുന്നു. ഇത്തരത്തിലുള്ള സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ അഭാവം കേരളത്തിലും പ്രകടമാവുകയാണ്. സെന്‍കുമാര്‍മാര്‍ ഇനിയും കേരളത്തിലെ പോലിസ് സേനയെ നയിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരം വംശീയ വിദ്വേഷം പേറുന്ന പോലിസ് അന്വേഷണ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തപക്ഷം യുപിയേക്കാള്‍ മോശമായ സാഹചര്യം സൃഷ്ടിക്കപ്പെടും. സംഘപരിവാരത്തിന്റെ ദുഷ്പ്രചാരണത്തിന് ആക്കംകൂട്ടുന്ന തരത്തില്‍ വംശീയ അധിക്ഷേപം നടത്തിയ എഡിജിപിയെ ചുമതലയില്‍നിന്നു മാറ്റാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Tags: