ഇന്ന് ബലിപെരുന്നാള്‍; ത്യാഗ സ്മരണയില്‍ വിശ്വാസികള്‍

Update: 2021-07-21 01:30 GMT

കോഴിക്കോട്: ഇബ്‌റാഹീമീ സ്വയം സമര്‍പ്പണത്തിന്റെ സന്ദേശമുയര്‍ത്തി ഒരു ബലി പെരുന്നാള്‍ കൂടി. മഹാമാരിയുടെയും ഭരണകൂട അടിച്ചമര്‍ത്തലുകളുടേയും വര്‍ത്തമാന കാലത്ത് ഇബ്‌റാഹീം നബിയുടെ അതിജീവന പോരാട്ടങ്ങളും ത്യാഗ സ്മരണങ്ങളും പുതുക്കുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം. തിന്‍മകള്‍ക്കെതിരേ പൊരുതുന്ന മനുഷ്യര്‍ക്ക് അവസാനിക്കാത്ത പ്രചോദനമായാണ് ഇബ്‌റാഹീമീ സ്മരണകള്‍ ചരിത്രത്തില്‍ ഇരമ്പുന്നത്.

പള്ളികളിലും ഈദ് ഗാഹുകളും നിറഞ്ഞ് കവിഞ്ഞ് സാഹോദര്യത്തിന്റെ ഊഷ്മളമായ സംഗമങ്ങളാവാറുള്ള പെരുന്നാള്‍ ദിനങ്ങള്‍ ഇത്തവണയും കൊവിഡ് നിയന്ത്രണങ്ങളാല്‍ സാമൂഹിക അകലം പാലിച്ചുള്ളതായി. കേരളത്തിലടക്കം പലയിടങ്ങളിലും പൊതു ഈദ് ഗാഹുകളില്ല. പള്ളികളിലും നിയന്ത്രണങ്ങള്‍ പാലിച്ചാണ് പെരുന്നാള്‍ നമസ്‌കാരങ്ങള്‍.

മാനവ ചരിത്രത്തിലെ അതുല്യവും അത്യുജ്ജ്വലവുമായ ഒരധ്യായത്തിന്റെ ഓര്‍മ പുതുക്കലാണ് ഈദുല്‍ അദ്ഹ. ജീവിതം കൊണ്ട് ചരിത്രത്തെ സാര്‍ഥകമാക്കിയ ഇബ്‌റാഹീം നബിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍. ഹസ്രത്ത് ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗോജ്വലമായ ജീവിത ചരിത്രം. ആത്മാര്‍ത്ഥത, സത്യസന്ധത, ആദര്‍ശ നിഷ്ഠ, ഇച്ഛാ ശക്തി, പോരാട്ട വീര്യം, സമര്‍പ്പണ സന്നദ്ധത എന്നിങ്ങനെ ഒരു മനുഷ്യനുണ്ടാവേണ്ട അടിസ്ഥാന ഗുണങ്ങല്‍ ഓര്‍മപ്പെടുത്തുന്ന ആഘോഷം കൂടിയാണ് ബലിപെരുന്നാള്‍.

അതേസമയം, ഗള്‍ഫ് നാടുകളില്‍ ഇന്നലേയായിരുന്നു ബലി പെരുന്നാള്‍. ഒമാന്‍ ഒഴികെ അഞ്ചുഗള്‍ഫ് രാജ്യങ്ങളിലും പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നു. ഹജ്ജ് തീര്‍ഥാടകര്‍ ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ചശേഷം പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളികളായി.

Tags: