ജിഡിപി ഏഴു ശതമാനം ഉയര്‍ത്തും; സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍

നാളെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ധനമന്ത്രി സാമ്പത്തിക സര്‍വെ ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ചത്.

Update: 2019-07-04 08:40 GMT

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റിനു മുന്നോടിയായി സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയ്ക്കു മുന്നില്‍ വച്ചു. 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം ഏഴു ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍വെയില്‍ പറയുന്നു. നാളെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ധനമന്ത്രി സാമ്പത്തിക സര്‍വെ ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തെ സാമ്പത്തികസ്ഥിതി പരിശോധിച്ച് മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പൊതു ധനക്കമ്മി 2019 സാമ്പത്തിക വര്‍ഷത്തില്‍ 5.8 ശതമാനമായി കുറഞ്ഞതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയെ പിറകോട്ടടുപ്പിച്ചത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് ഘടനയെ പ്രതികൂലമായി ബാധിച്ചെന്ന് സാമ്പത്തിക സര്‍വ്വെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ച് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ നടപടി സ്വീകരിക്കുമെന്നും റിപോര്‍ട്ടിലുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇന്ധനവിലയില്‍ കുറവ് വരുമെന്ന പ്രതീക്ഷയും സാമ്പത്തിക സര്‍വ്വെ മുന്നോട്ട് വയ്ക്കുന്നു.

വളര്‍ച്ചയിലെ മെല്ലപ്പോക്ക്, ജിഎസ്ടി, കാര്‍ഷിക പദ്ധതികള്‍ എന്നിവ സാമ്പത്തിക രംഗത്തിന് വെല്ലുവിളിയുയര്‍ത്താന്‍ സാധ്യത, രാജ്യാന്തര വളര്‍ച്ചയിലെ മാന്ദ്യവും വാണിജ്യമേഖലയിലെ പ്രശ്‌നങ്ങളും കയറ്റുമതിയെ ബാധിച്ചേക്കുമെന്നും റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ധനമന്ത്രി നിര്‍മല സീതാരാമനാണ് നാളെ ബജറ്റ് അവതരിപ്പിക്കുന്നത്.

Tags:    

Similar News