നാലു ഡിവൈഎസ്പിമാരുടെ തരംതാഴ്ത്തല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു

എറണാകുളം റൂറല്‍ ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ്് ഡിവൈഎസ്പിയായിരുന്ന കെ എസ് ഉദയഭാനു, എറണാകുളം റൂറല്‍ ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന വി ജി രവീന്ദ്രനാഥ്, വയനാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയായിരുന്ന എം കെ മനോജ് കബീര്‍, കോഴിക്കോട് നാദാപുരം സബ് ഡിവിഷനിലെ ഡിൈവഎസ്പിയായിരുന്ന ഇ സുനില്‍കുമാര്‍ എന്നിവരുടെ തരംതാഴ്ത്തലാണ് സ്റ്റേ ചെയ്തത്

Update: 2019-02-04 12:23 GMT

കൊച്ചി: അച്ചടക്ക നടപടി നേരിട്ടതിന്റെ പേരില്‍ സിഐമാരായി സംസ്ഥാന സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാരില്‍ നാലു പേരെ ഡിവൈഎസ്പി റാങ്കില്‍ തന്നെ താല്‍ക്കാലികമായി നിലനിര്‍ത്താന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ്് ഡിവൈഎസ്പിയായിരുന്ന കെ എസ് ഉദയഭാനു, എറണാകുളം റൂറല്‍ ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന വി ജി രവീന്ദ്രനാഥ്, വയനാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയായിരുന്ന എം കെ മനോജ് കബീര്‍, കോഴിക്കോട് നാദാപുരം സബ് ഡിവിഷനിലെ ഡിവൈഎസ്പിയായിരുന്ന ഇ സുനില്‍കുമാര്‍ എന്നിവരെയാണ് ഡിവൈഎസ്പി റാങ്കില്‍ തന്നെ തല്‍ക്കാലം നിലനിര്‍ത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.തരംതാഴ്ത്തിയ നടപടി ചോദ്യം ചെയ്ത് ഇവര്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് പത്ത് ദിവസത്തേക്ക് പഴയ തസ്തികയില്‍ തുടരാന്‍ അനുവദിക്കണമെന്ന ഇടക്കാല ഉത്തരവുണ്ടായത്. അതേസമയം, ഹരജിക്കാരായ മറ്റ് മൂന്ന് പേരുടെ കാര്യത്തില്‍ ട്രൈബ്യൂണല്‍ ഇടപെട്ടില്ല. മട്ടാഞ്ചേരി ഡിവൈഎസ്പിയായിരുന്ന എസ് വിജയന്‍, മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന എം ഉല്ലാസ് കുമാര്‍, പാലക്കാട് എസ്ബിസിഐഡി ഡിവൈഎസ്പിയായിരുന്ന എ വിപിന്‍ദാസ് എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും ട്രൈബ്യൂണല്‍ അനുവദിച്ചില്ല. ഇവര്‍ക്കെതിരെ നിലനില്‍ക്കുന്ന ആരോപണങ്ങളുടെ സ്വഭാവം വിലയിരുത്തിയ ട്രൈബ്യൂണല്‍ സര്‍ക്കാറിനോട് വിശദീകരണം തേടി. ഇവരുടെ ഹരജികള്‍ ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കാനായി മാറ്റി.




Tags: