ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സ്ഥാനമേറ്റു

Update: 2022-07-25 05:06 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആദിവാസി വിഭാഗത്തില്‍നിന്ന് ഒരാള്‍ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്തുന്നത്.

രാവിലെ 9.22 ന് രാഷ്ട്രപതി ഭവനിലെ നോര്‍ത്ത് കോര്‍ട്ടിലെത്തിയ ദ്രൗപദി മുര്‍മു കാലാവധി പൂര്‍ത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തില്‍ പാര്‍ലമെന്റിലെത്തുകയായിരുന്നു. രാവിലെ 10.03ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചീഫ് ജസ്റ്റിസ് എന്‍ വി രമണയും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. 10.11ന് പുതിയ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിച്ചു. തുടര്‍ന്ന് 10.14ന് ദ്രൗപദി മുര്‍മുവിന് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി ഇരിപ്പിടം കൈമാറി.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞാച്ചടങ്ങിനായി ഒരുങ്ങിയ പാര്‍ലമെന്റിന്റെ പരിസരം കനത്ത സുരക്ഷാവലയത്തിലായിരുന്നു. പാര്‍ലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ അവധി നല്‍കി. രാവിലെ ആറുമണിമുതല്‍ ഈ കെട്ടിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തിങ്കളാഴ്ച താത്കാലികമായി നിര്‍ത്തിവെച്ചു.

Tags:    

Similar News