ഡോളര്‍കടത്ത്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

കസ്റ്റംസ് ചോദ്യം ചെയ്യല്‍ സ്വപ്‌നയുടേയും സരിത്തിന്റെയും ശക്തമായ മൊഴിയുടെ അടിസ്ഥാനത്തില്‍

Update: 2021-04-10 08:07 GMT

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുവഴി ഡോളര്‍കടത്തിയെന്ന കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ വസതിയില്‍ വച്ച് ഇന്നലെയാണ് കസ്റ്റംസ് ഓഫിസര്‍ സലിലിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. ലണ്ടനില്‍ സ്ഥിരതാമസമുള്ള തിരുവനന്തപുരം സ്വദേശിയുടെ ഫ്‌ലാറ്റില്‍ സ്പീക്കര്‍ സ്ഥിരമായി തങ്ങാറുണ്ട്. ഇവിടെ വച്ച് സ്പീക്കറെ സ്വപ്‌നയും സരിത്തും കണ്ടിട്ടുണ്ട്. ഒരുദിവസം സ്പീക്കര്‍ക്കൊപ്പം സ്വപ്‌നയും സന്ദീപും യുഎഇ കോണ്‍സല്‍ ജനറലിനെ കണ്ടിരുന്നു. കോണ്‍സുലറുടെ വീട്ടില്‍ വച്ച് സ്പീക്കര്‍ കൊണ്ടുവന്ന കറുത്ത ബേഗ് കോണ്‍സില്‍ ഓഫിസറെ ഏല്‍പിച്ചു. ബാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ ഡോളര്‍ കണ്ടെന്ന് സരിത്തും സ്വപ്‌നയും മൊഴി നല്‍കി.

ഇതിന് പുറമെ, ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്പീക്കര്‍ക്ക് പങ്കാളിത്തമുണ്ട്. ആ സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും സ്വപ്‌നയും സരിത്തും കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഈ രണ്ട് മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. അതേ സമയം, സ്വര്‍ണക്കടത്ത് കേസ്് പുറത്തായതോടെ സ്പീക്കര്‍ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് ഒഴിവാക്കിയിരുന്നു. ഈ സിംകാര്‍ഡ് മറ്റൊരാളിന്റേതായിരുന്നു. ഈ സിംകാര്‍ഡ് പെട്ടന്ന് ഒഴിവാക്കിയതും കസ്റ്റംസിന് സംശയമുണ്ടാക്കാന്‍ ഇടയാക്കി.

കഴിഞ്ഞ രണ്ടുമാസമായി സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ശ്രമിച്ചുവരുകയായിരുന്നു. നേരത്തെ പലവട്ടം സ്പീക്കറെ ചോദ്യം ചെയ്യാന്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് തിരക്ക് പറഞ്ഞ് ഓരോ പ്രാവശ്യവും ഹാജരാകുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറി. ഒടുവില്‍ കൊച്ചി കസ്റ്റംസ് വിഭാഗം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എത്തി ചോദ്യം ചെയ്യുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ സ്പീക്കര്‍ പറഞ്ഞിരുന്നത്, തനിക്ക് ഭരണഘടന പരിരക്ഷ ഉണ്ടെന്നായിരുന്നു. ചോദ്യം ചെയ്യല്‍ സ്പീക്കറുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദ് അലി അല്‍ഷൗകരി മസ്‌കത് വഴി 1.90 ലക്ഷം ഡോളര്‍ കടത്തിയെന്നാണ് കേസ്.

Tags: