മഹാമാരിക്കിടയിലും നിലയ്ക്കാതെ ഇന്ധന വില വർധന

ക്രൂഡ് വില ഇടിയുന്ന സാഹചര്യത്തിൽ വില കുറയ്ക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.

Update: 2020-07-15 05:45 GMT

ന്യൂഡൽഹി: മഹാമാരിക്കിടയിലും ജനങ്ങളുടെ നടുവൊടിച്ച് നിലയ്ക്കാതെ ഇന്ധന വില വർധന. ഇന്ന് രാജ്യത്ത് ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ ഡീസൽ വില 76 രൂപ 80 പൈസ ആയി.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിന് ശേഷം മാത്രം ഡീസലിന് 11 രൂപ 24 പൈസയാണ് വർധിപ്പിച്ചത്. ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസൽ ലിറ്ററിന് വർധിപ്പിച്ചിരുന്നു. രാജ്യ തലസ്ഥാനത്ത് പെട്രോളിന് മുകളിൽ ഡീസലിന്റെ വില തുടരുകയാണ്. ന്യൂഡൽഹിയിൽ ഡീസൽ ലിറ്ററിന് 81 രൂപ 18 പൈസയാണ് വില. പെട്രോളിന് 80 രൂപ 43 പൈസയും. ഡീസൽ, പെട്രോൾ വില വർധനയ്‌ക്കെതിരേ വ്യാപക പ്രതിഷേധമാണ് വിവിധ ഇടങ്ങളിൽ ഉയരുന്നത്.

മൂല്യവർധിത നികുതി കാരണം ആഭ്യന്തര പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമാണ്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ നിരക്കിലെയും രൂപ-ഡോളർ വിദേശനാണ്യ നിരക്കിലെയും മാറ്റങ്ങളെ അടിസ്ഥാനമാക്കി എണ്ണക്കമ്പനികൾ ദിവസേന നിരക്കുകളിൽ മാറ്റം വരുത്തുന്നതിന്റെ ഭാ​ഗമായാണ് വിലവർധനയെന്നാണ് വിശദീകരണം. എന്നാൽ ക്രൂഡ് വില ഇടിയുന്ന സാഹചര്യത്തിൽ വില കുറയ്ക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഗതാഗത, വ്യാവസായിക പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ആഗോള എണ്ണനിരക്ക് മാർച്ച് മുതൽ കുറഞ്ഞ നിലയിലാണ്. എന്നിട്ടും രാജ്യത്തെ എണ്ണവില വർധനയിൽ മാറ്റമില്ല.  

Similar News