ഏകാധിപത്യ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നത് നുണകള്‍ക്കു മുകളില്‍; പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്
ന്യൂഡല്‍ഹി: ഏകാധിപത്യ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നതു തന്നെ പടച്ചുവിട്ട നുണകള്‍ക്കു മുകളിലാണെന്നും പൊതുസ്ഥാപനങ്ങളെ ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ടത് പൗരന്മാരുടെ കടമയാണെന്നും സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ശനിയാഴ്ച നടന്ന ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
പൗരന്മാര്‍ എല്ലായ്‌പ്പോഴും ഭരണകൂടത്തോട് ചോദ്യങ്ങളുന്നയിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്പീക്കിങ് ട്രൂത്ത് ടു പവര്‍; സിറ്റിസന്‍ ആന്റ് ലോ എന്ന വിഷയത്തില്‍ ആറാമത് ഛഗ്ല മെമ്മോറിയല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അധികാരത്തോട് സത്യം വിളിച്ചുപറയുക ജനാധിപത്യത്തില്‍ പൗരന്റെ അവകാശം മാത്രമല്ല, കടമയുമാണെന്ന് അദ്ദേഹം പറഞ്ഞു.
അധികാരത്തോട് സംവദിക്കാനുള്ള പൗരന്റെ അവകാശം ആധുനിക ജനാധിപത്യത്തിന്റെ പ്രവര്‍ത്തന രീതിയാണ്. സത്യം മനസ്സിലാക്കാന്‍ പൗരന് ഭരണകൂടത്തെ മാത്രം ആശ്രയിക്കാനാവില്ല. പൗരന്‍ കൂടുതല്‍ ജാഗ്രതയോടെയിരിക്കണം. കൂടുതല്‍ ഇടപെടല്‍ നടത്തണം- അദ്ദേഹം പറഞ്ഞു.
ജനാധിപത്യവും സത്യവും കൈകോര്‍ത്തുപോകുന്നു. സത്യം പാലിക്കണമെങ്കില്‍ ജനാധിപത്യം നിലനില്‍ക്കണം. നുണകളില്‍ നിലനില്‍ക്കുന്ന ഭരണകൂടങ്ങളെ ചോദ്യം ചെയ്യുകയും തുറന്നുകാണിക്കേണ്ടതും ബുദ്ധിജീവികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തില്‍ സര്‍ക്കാരുകള്‍ നുണകള്‍ പ്രചരിപ്പിക്കുകയില്ലെന്ന് പറയാനാവില്ല. പെന്റഗണ്‍ പേപ്പറുകള്‍ പ്രസിദ്ധീകരിക്കുംവരെ വിയറ്റ്‌നാം യുദ്ധത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നില്ല. കൊവിഡ് കാലത്ത് ഡാറ്റ തെറ്റായ തീരിയില്‍ കൈകാര്യം ചെയ്യാനുള്ള പ്രവണത കാണുന്നുണ്ട്. അതുകൊണ്ട് സത്യത്തിനുവേണ്ടി സര്‍ക്കാരുകളെ ആശ്രയിക്കാനാവില്ല- അദ്ദേഹം പറഞ്ഞു.
എങ്കിലും സത്യങ്ങള്‍ വിളിച്ചുപറയുന്നവരെ ഉത്തരവാദിത്തപ്പെട്ട പൗരന്മാരെന്ന നിലയില്‍ നാം കൃത്യമായി പരിശോധനക്ക് വിധേയമാക്കണെന്നും അവരുടെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ സ്വയം ഉറപ്പുവരുത്തണമെന്നും അവ സുതാര്യമാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹന്ന ആരന്റിന്റെയും നോം ചോംസ്‌കിയുടെയും ആഹ്വാനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പൗരന്റെ പങ്ക് വലുതാണെന്നും അഭിപ്രായപ്പെട്ടു.
