ഡല്‍ഹി മലിനീകരണത്തിന്റെ ലോക തലസ്ഥാനം; നഗരങ്ങളില്‍ മുമ്പില്‍ ഗുരുഗ്രാം

ഏറ്റവും കൂടുതല്‍ വായുമലിനീകരണം അനുഭവപ്പെടുന്ന രണ്ടാമത്തെ തലസ്ഥാനം ബംഗ്ലാദേശിന്റേതാണ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളാണ് ധക്കയ്ക്ക് പിറകില്‍ ഇടംപിടിച്ചത്. ഡല്‍ഹിയില്‍ ക്യൂബിക് മീറ്ററില്‍ 113.5 മൈക്രോഗ്രാം മാലിന്യമാണുള്ളത്. ധക്കയില്‍ 97.1 മൈക്രോഗ്രാമും കാബൂളില്‍ 61.8 മൈക്രാഗ്രാമും മാലിന്യമുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

Update: 2019-03-05 09:35 GMT

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിലെ വായുമലിനീകരണത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി ഒന്നാമത്. മലിനീകരണത്തില്‍ മുന്‍പന്തിയിലുള്ള നഗരം ഡല്‍ഹിയുടെ പ്രാന്തഭാഗത്തുള്ള ഗുരുഗ്രാം ആണെന്നും ഗ്രീന്‍പീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്വകാര്യ വ്യക്തികളും സര്‍ക്കാരിതര സംഘടനകളും നടത്തിയ അന്തരീക്ഷ മലിനീകരണ നിരീക്ഷണം, മലിനീകരണ കാര്യങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയില്‍ നിന്ന് ശേഖരിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍പീസ് മലിനീകരണ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ഏറ്റവും കൂടുതല്‍ വായുമലിനീകരണം അനുഭവപ്പെടുന്ന രണ്ടാമത്തെ തലസ്ഥാനം ബംഗ്ലാദേശിന്റേതാണ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളാണ് ധക്കയ്ക്ക് പിറകില്‍ ഇടംപിടിച്ചത്. ഡല്‍ഹിയില്‍ ക്യൂബിക് മീറ്ററില്‍ 113.5 മൈക്രോഗ്രാം മാലിന്യമാണുള്ളത്. ധക്കയില്‍ 97.1 മൈക്രോഗ്രാമും കാബൂളില്‍ 61.8 മൈക്രാഗ്രാമും മാലിന്യമുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ നഗരങ്ങളുടെ ഗണത്തില്‍ ഡല്‍ഹിക്ക് പതിനൊന്നാം സ്ഥാനമാണ്. ഏറ്റവും കൂടുതല്‍ മലിനീകരണം നേരിടുന്ന നഗരം ഗുരുഗ്രാമാണ്. ഗാസിയാബാദ് രണ്ടാംസ്ഥാനത്തും പാകിസ്താനിലെ ഫൈസലാബാദ് മൂന്നാംസ്ഥാനത്തുമുണ്ട്. ഫരീദാബാദ്, ഭീവണ്ടി, നോയ്ഡ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളും മാലിന്യം കൂടുതലുള്ള പട്ടികയിലുണ്ട്.

വായുമലനീകരണം കൂടുതലുള്ള പത്തില്‍ ഏഴ് നഗരങ്ങളും ഇന്ത്യയിലാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 2018ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍പീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിലവിലെ അളവുകള്‍ ഇനിയും കൂടിയേക്കാമെന്നാണ് കരുതുന്നത്. ലോകത്തെ മലിനീകരണമുള്ള 30 നഗരങ്ങളില്‍ 22ഉം ഇന്ത്യയിലാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനയിലെ ഹോട്ടണ്‍ നഗരം എട്ടാംസ്ഥാനത്തും പാകിസ്താനിലെ ലാഹോര്‍ പത്താം സ്ഥാനത്തുമുണ്ട്. മലിനീകരണം മൂലമുള്ള പ്രതിസന്ധികള്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെ 8.5 ശതമാനം പിന്നോട്ടടിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News