പുകമഞ്ഞില്‍ വീര്‍പ്പുമുട്ടി ഡല്‍ഹി; 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

സുപ്രിംകോടതി നിയോഗിച്ച മലിനീകരണ നിയന്ത്രണ മേല്‍നോട്ട സമിതി ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂളുകളുടെയും കോളജുകളുടെയും അവധി ഈ മാസം എട്ടുവരെ നീട്ടി.

Update: 2019-11-03 09:37 GMT

ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണം അതിരൂക്ഷമായി ഉയരുന്നതിന് പിന്നാലെ ഡല്‍ഹി നഗരത്തിലും സമീപ പട്ടണങ്ങളിലും പുകമഞ്ഞ് രൂക്ഷമായി. നഗരത്തിലെ 37 വായുപരിശോധന കേന്ദ്രങ്ങളില്‍ മലിനീകരണത്തോത് ഉയര്‍ന്നിരിക്കുകയാണ്. പുകമഞ്ഞ് കൂടിയത് റോഡ്, റെയില്‍, വ്യോമഗതാഗതത്തെ ബാധിച്ചു. പുകപടലങ്ങള്‍ കൂടിയത് കാഴ്ചയുടെ ദൂരപരിധിയും കുറച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇന്നുമായി പെയ്ത മഴയാണ് പുകമഞ്ഞ് കൂടാന്‍ കാരണം. പുകമഞ്ഞ് വര്‍ധിച്ചത് ഏക്‌സ്പ്രസ് ഹൈവേയില്‍ അടക്കം ഗതാഗതത്തെ ബാധിച്ചു. ഡല്‍ഹി മെട്രോയില്‍ ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടുന്നത്. കനത്ത പുകമഞ്ഞിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്തില്‍ ഇറങ്ങേണ്ട ചില വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. വിവിധ കമ്പനികളുടെ 32 വിമാന സര്‍വീസുകളാണ് വഴിതിരിച്ച് വിട്ടത്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. സുപ്രിംകോടതി നിയോഗിച്ച മലിനീകരണ നിയന്ത്രണ മേല്‍നോട്ട സമിതി ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂളുകളുടെയും കോളജുകളുടെയും അവധി ഈ മാസം എട്ടുവരെ നീട്ടി. നോയിഡയിലെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈമാസം 4, 5 തിയ്യതികളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വായുഗുണനിലവാര സൂചിക ഡല്‍ഹിയിലും സമീപപട്ടണങ്ങളിലും 400നും 700 ഇടയിലാണ്. നോയിഡയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിര്‍മാണ നിരോധനം ലംഘിച്ച 38 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ആരോഗ്യഅടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ഡല്‍ഹിയില്‍ നാളെ മുതല്‍ ഒറ്റ, ഇരട്ട നമ്പര്‍ വാഹനനിയന്ത്രണം നടപ്പാക്കും. മലിനീകരണത്തോതിനെക്കുറിച്ച് പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതി നാളെ റിപോര്‍ട്ട് സമര്‍പ്പിക്കും.  

Tags:    

Similar News