സൈനികരെ ബലിയാടാക്കിയത് ആര് ?

Update: 2019-02-15 05:51 GMT

ന്യൂഡല്‍ഹി: പുല്‍വാമയിലെ അവന്തിപ്പൊറയില്‍ 44 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം സൈനികരെ ബലിയാടാക്കിയതിന് സമാനമാണെന്ന് പ്രതിരോധ വിദഗ്ധര്‍. സൈന്യത്തിന് പൂര്‍ണ നിയന്ത്രണമുള്ള ദേശീയപാതയിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. മുന്നറിയിപ്പുകള്‍ അവഗണിച്ചതു വഴി സുരക്ഷാസേനയ്ക്ക് വലിയ തിരിച്ചടിയാണ് അവന്തിപ്പൊറ സംഭവം.

സൈനികരെ നിയന്ത്രണ മേഖലയിലേക്ക് കൊണ്ടുപോകുന്നതിന്റെ (സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍) മാനദണ്ഡങ്ങള്‍ കൃത്യമായി ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു. ലീവ് കഴിഞ്ഞെത്തിയ 2500 സിആര്‍പിഎഫ് ജവാന്‍മരെ 78 സൈനീകവാഹനങ്ങളിലാക്കി കൂട്ടത്തോടെ കൊണ്ടുപോയത് ഓപറേറ്റിങ് നടപടിക്രമങ്ങളിലെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പ്രദേശത്തിലൂടെ ഇത്തരത്തിലുള്ള സൈനീകവ്യൂഹം കടന്നുപോകുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ സുരക്ഷാ നിരീക്ഷണങ്ങളും പാലിച്ചിട്ടില്ല.

ഒരു വാഹനത്തില്‍ പരമാവധി കൊണ്ടുപോകേണ്ടവരുടെ എണ്ണം 20-25 ആണെന്നിരിക്കെ 50 ആളുകളുമായാണ് ബസ്സുകള്‍ ശ്രീനഗറിലേക്ക് തിരിച്ചത്. കുടാതെ ഒരു പോയിന്റില്‍ നിന്നും മറ്റൊരു പോയിന്റിലേക്ക് ഘട്ടം ഘട്ടമായാണ് (റോഡ് ഓപണിങ് പ്രൊസീജ്യര്‍) വാഹനങ്ങള്‍ പ്രവേശിക്കേണ്ടത്. ഈ പ്രദേശങ്ങളിലേക്ക് സൈനീകവ്യൂഹത്തിന് അകമ്പടി പോകുന്ന പൈലറ്റ് വാഹനങ്ങള്‍ പ്രവേശിച്ചാല്‍ പിന്നെ മറ്റു വാഹനങ്ങള്‍ക്ക് ഈ പാതയിലേക്ക് പ്രവേശനം അനുവദിക്കരുത്. എന്നാല്‍ അക്രമി ഉപയോഗിച്ച സ്‌കോര്‍പിയോ വാഹനത്തെ എങ്ങനെ പരിശോധനകള്‍ ഇല്ലാതെ കയറ്റിവിട്ടുവെന്നതിന് ഉത്തരം കിട്ടേണ്ടതുണ്ട്.

എയര്‍ലിഫ്റ്റിങ്ങിലൂടെ സൈന്യത്തെ ശ്രീനഗറിലെത്തിക്കാമെന്നിരിക്കെ അതിന് എന്തുകൊണ്ട് അനുമതി നല്‍കിയില്ല. മഞ്ഞ് വീണ് പാതകള്‍ ഗതാഗതയോഗ്യമല്ലാതായിട്ടും റോഡ് മാര്‍ഗം തിരഞ്ഞെടുത്തതെന്തിനെന്നും ചോദ്യമുയരുന്നുണ്ട്. കൂടാതെ രഹസ്യാന്വേഷണവിഭാഗം ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു ആക്രമണ സൂചന നല്‍കിയെന്നും അത് അവഗണിച്ചതാണ് ഇത്രയും വലിയ നഷ്ടത്തിന് കാരണമായതെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് പറയുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ടെന്നും മുതിര്‍ന്ന പ്രതിരോധവിദഗ്ധര്‍ പറയുന്നു.