സ്‌‌പുട്നിക് വാക്‌സിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി

വാക്സിൻ അടിയന്തര ഉപയോഗത്തിന് ഉപാധികളോടെ അനുമതി നൽകാൻ ഡിസിജിഐയുടെ കീഴിലുള്ള വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു.

Update: 2021-04-13 05:39 GMT

ന്യൂഡൽഹി: സ്‌പുട്‌‌നിക് -5 വാക്സിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. റഷ്യയിൽ നിന്നുള്ള വാക്സിനാണ് സ്പുട്നിക്. അടുത്തമാസം മുതൽ രാജ്യത്ത് വിതരണം ആരംഭിക്കും. ഇന്ത്യയിൽ അനുമതി നൽകുന്ന മൂന്നാമത്തെ കൊവിഡ് വാക്സിനാണിത്.

സ്പുട്നിക് വാക്സിന് അനുമതി നൽകുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. വാക്സിൻ അടിയന്തര ഉപയോഗത്തിന് ഉപാധികളോടെ അനുമതി നൽകാൻ ഡിസിജിഐയുടെ കീഴിലുള്ള വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഡോ. റെഡ്ഡീസ് ആണ് ഇന്ത്യയിൽ സ്പുട്നികിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. 91.6 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്സിൻ അവകാശപ്പെടുന്നത്.

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എന്നിവയ്ക്ക് നേരത്തെ ഡിസിജിഐ അനുമതി നൽകിയിരുന്നു. വാക്സിനേഷൻ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജോൺസൺ ആൻഡ് ജോൺസൺ, നൊവാക്സ്, സൈഡസ് കാഡില എന്നിവയ്ക്കും, ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന മൂക്കിലൊഴിക്കാവുന്ന വാക്‌സിനും അടിയന്തര അനുമതി നൽകുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്.

Similar News