പൈപ്പ് മോഷണം ആരോപിച്ച് ദലിത് യുവാവിനെ തല്ലിക്കൊന്നു
മേവാഘേദ വില്ലേജിലെ ധുലിചന്ദ് മീണ(40)യാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജലാവര്‍ ജില്ലയിലെ ഘാട്ടോളി ഏരിയയില്‍ ഞായറാഴ്ച രാവിലെയാണു സംഭവം.
കോട്ട(രാജസ്ഥാന്‍): പൈപ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനെ ഒരുസംഘം തല്ലിക്കൊന്നു. മേവാഘേദ വില്ലേജിലെ ധുലിചന്ദ് മീണ(40)യാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജലാവര്‍ ജില്ലയിലെ ഘാട്ടോളി ഏരിയയില്‍ ഞായറാഴ്ച രാവിലെയാണു സംഭവം. വെള്ളത്തിന്റെ പൈപ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് 60കാരനും ഇദ്ദേഹത്തിന്റെ രണ്ടു മക്കളും ചിലരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ധുലിചന്ദ് മീണ സമീപഗ്രാമത്തിലെ വീട്ടിലേക്കു പോവുന്നതിനിടെ പുരിലാല്‍ തന്‍വാറും(60) മക്കളായ ദേവി സിങ്(23), മോഹന്‍(20) എന്നിവരും സംഘവുമാണ് ആക്രമിച്ചത്.
പൈപ്പ് മോഷണത്തെ ചൊല്ലി മീണയും സംഘവും തമ്മില്‍ വാദ്വാദം നടക്കുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. മീണയുടെ പിതാവ് സ്ഥലത്തെത്തിയപ്പോള്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. അല്‍പസമയത്തിനു ശേഷം നില മോശമാവുകയും ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയുമായിരുന്നു. പ്രാഥമികാന്വേഷണത്തില്‍, പുരിലാല്‍ തന്‍വാറും മക്കളും വെള്ളിയാഴ്ച ധുലിചന്ദ് മീണയുടെ പിതാവിനെതിരേ മോഷണത്തിനു പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പുരിലാല്‍ തന്‍വാറിനും മക്കള്‍ക്കും തിരിച്ചറിയാത്ത ഏഴുപേര്‍ക്കെതിരേയും ഐപിസിയിലെയും എസ് സി, എസ്ടി വകുപ്പുകളും പ്രകാരം കേസെടുത്തിട്ടുണ്ട്. ധുലിചന്ദ് മീണയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുടുംബത്തിനു കൈമാറി.
