ദലിത് തൊഴില്‍ അവകാശ പ്രവര്‍ത്തക നൊദീപ് കൗറിനു ജാമ്യം

Update: 2021-02-26 06:16 GMT
ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനിടെ അറസ്റ്റ് ചെയ്ത ദലിത് തൊഴിലവകാശ പ്രവര്‍ത്തകയും മസ്ദൂര്‍ അധികാര്‍ സംഗതന്‍ യൂനിയന്‍ നേതാവുമായ നൊദീപ് കൗറിന് ഒരു കേസില്‍ കൂടി ജാമ്യം. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയാണ് മൂന്നാമത്തെ കേസില്‍ ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ ജാമ്യം അനുവദിച്ചെങ്കിലും അനധികൃതമായി തടങ്കലില്‍ വച്ചെന്ന പരാതിയില്‍ കോടതി തുടര്‍ന്നും വാദം കേള്‍ക്കും. കര്‍ഷക പ്രക്ഷോഭത്തിന് അനുകൂലമായി കര്‍ഷകരെ സംഘടചിപ്പിച്ചതിനാണ് തന്നെ വ്യാജമായി കേസില്‍ പ്രതിചേര്‍ത്തതെന്നു കാണിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പോലിസ് തന്നെ മര്‍ദ്ദിച്ചെന്നും ആരോപിച്ചിരുന്നു.

    നേരത്തേ കവര്‍ച്ചാശ്രമം ആരോപിച്ച് ചുമത്തിയ മറ്റൊരു കേസിലും കൗറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മുക്തര്‍ ജില്ലയിലെ ഗിയാദര്‍ ഗ്രാമവാസിയായ നോദീപ് കൗറിനും കൂട്ടാളികള്‍ക്കുമെതിരേ മൂന്ന് കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡിസംബര്‍ 28 ന് കുണ്ട്‌ലി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആദ്യം ജാമ്യം ലഭിച്ചത്.

    ജനുവരി 12 മുതലാണ് കൗറിനെ ജയിലിലടച്ചത്. വ്യാവസായിക യൂനിറ്റ് ഉരോധവുമായി ബന്ധപ്പെട്ട് പോലിസ് സംഘത്തെ നൊദീപ് കൗറും കൂട്ടാളികളും ആക്രമിച്ചതായും മസ്ദൂര്‍ അധികാര്‍ സംഘതന്‍ അംഗങ്ങള്‍ ജീവനക്കാരെയും മാനേജ്‌മെന്റ് അംഗങ്ങളെയും മര്‍ദിച്ചെന്നുമാണ് സോനാപത്ത് പോലിസ് ആരോപിക്കുന്നത്. സംഘര്‍ഷത്തില്‍ ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഏഴ് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പോലിസ് അവകാശപ്പെടുന്നു. ഇതിന്റെ പേരിലാണ് ഇന്ത്യന്‍ ശിക്ഷാനിയമം 148, 149, 384 വകുപ്പുകള്‍ പ്രകാരം കൗറിനെ അറസ്റ്റ് ചെയ്തത്. കേന്ദ്രസര്‍ക്കാരിനെതിരായ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നതിന് പിന്നാലെയാണ് ഹരിയാന സര്‍ക്കാര്‍ നോദീപ് കൗറിനെതിരായ നടപടി.

    കുണ്ട്‌ലി വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ മസ്ദൂര്‍ അധികാര്‍ സംഘതന്‍ യൂനിയനില്‍ പ്രവര്‍ത്തിക്കുന്ന 23കാരിയായ നൊദീപ് കൗര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി 1500 തൊഴിലാളികളുമായാണ് ഡിസംബറില്‍ അണിചേര്‍ന്നത്. ജനുവരി 12ന് ഇവരെ പോലിസ് അറസ്റ്റുചെയ്തു. ജോലിയില്‍നിന്നും പിരിച്ചുവിട്ടു. നൊദീപിനെ അറസ്റ്റുചെയ്‌തെന്ന കാര്യം പോലും പോലിസ് വെളിപ്പെടുത്തിയിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് കര്‍ണാല്‍ ജയിലിലുണ്ടെന്ന് പോലിസ് സമ്മതിച്ചത്. വൈദ്യപരിശോധന നടത്താനോ കോടതിയില്‍ ഹാജരാക്കാനോ പോലിസ് തയ്യാറായില്ലെന്നും  മാതാവും സഹോദരി രാജ്‌വീര്‍ കൗറും വെളിപ്പെടുത്തിയിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീനാ ഹാരിസ് ട്വീറ്റ് ചെയ്തതോടെ കൗറിന്റെ അറസ്റ്റും പീഡനവും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.

Dalit Labour Activist Nodeep Kaur Granted Bail