മേഘാലയയില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; ആയിരത്തോളം വീടുകള്‍ക്ക് നാശനഷ്ടം

Update: 2022-04-15 05:32 GMT

ഷില്ലോങ്: മേഘാലയയില്‍ വ്യാഴാഴ്ചയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശം. ആയിരത്തോളം വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. റിഭോയ് ജില്ലയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. അതേസമയം, ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയിലെ 47 ഗ്രാമങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആയിരത്തോളം വീടുകള്‍ക്ക് ഭാഗികമായും പൂര്‍ണമായും നാശനഷ്ടമുണ്ടായി. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം നിരവധി കെട്ടിടങ്ങളും തകര്‍ന്നു. നാശനഷ്ടം സംഭവിച്ചവയില്‍ ഒരു സ്‌കൂളും പള്ളിയും ഒരു ബിഡിഒ, പൊതുമരാമത്ത്, വെറ്ററിനറി ഓഫിസുകളും ഉള്‍പ്പെടുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നതായി പിടിഐ റിപോര്‍ട്ട് ചെയ്തു.

ദുരന്തബാധിത മേഖലകളില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. വൈദ്യുതി വിതരണം പുനസ്ഥാപിക്കാനും ഗതാഗതം തടസ്സപ്പെട്ട മേഖലകളില്‍ ഗതാഗതം പുനസ്ഥാപിക്കാനുമുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടില്ല. കഴിഞ്ഞ മൂന്നുദിവസമായി മേഘാലയയില്‍ കനത്ത മഴയാണ്. വെസ്റ്റ് ഗാരോ ഹില്‍സ്, സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ്, ഈസ്റ്റ് ജയിന്തിയ ജില്ലകളിലാണ് മഴ തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുമായി ബന്ധപ്പെട്ടു.

കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും അദ്ദേഹം സംസ്ഥാനത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. അടുത്ത അഞ്ചുദിവസത്തേക്ക് വടക്കുകിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ചുദിവസത്തേക്ക് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ പശ്ചിമ ബംഗാളില്‍ കനത്ത മഴയും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാവും. അരുണാചല്‍ പ്രദേശ്, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ നേരിയതോ ഇടിമിന്നലോടുകൂടിയ മഴയുമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Tags: