നിവാര്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ചെന്നൈ: കനത്ത മഴ തുടരുന്നു; ചെമ്പരപ്പാക്കം തടാകം നിറയുന്നു, ജാഗ്രതാ നിര്‍ദ്ദേശം
ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ ഭീഷണി നിലനില്‍ക്കെ തമിഴ്‌നാട്ടില്‍ വണ്ടും കനത്തമഴ. ചെന്നൈ ചെമ്പരപ്പാക്കം തടാകം നിറഞ്ഞു. ജലനിരപ്പ് ഒരടി കൂടി നിറഞ്ഞാല്‍ ഷട്ടര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2015ല്‍ ചെന്നൈയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിന് കാരണം തടാകത്തിന്റെ ഷട്ടര്‍ തുറന്നതായിരുന്നു.എന്‍ഡിആര്‍എഫും മറ്റ് പ്രതികരണ സംഘങ്ങളും അതീവ ജാഗ്രതയിലാണ്, കാരണം ഇത് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ കനത്ത പ്രത്യാഘാതമുണ്ടാക്കും. ചുഴലിക്കാറ്റിനെ നേരിടാന്‍ ആന്ധ്രാ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയിലെ 1200 ജീവനക്കാരെ വിന്യസിക്കും.
ചെന്നൈ നഗരത്തിലെ കനത്തമഴയില്‍ ചെമ്പരപ്പാക്കം തടാകം അതിവേഗമാണ് നിറയുന്നത്. 24 അടിയാണ് തടാകത്തിന്റെ ശേഷി. നിലവില്‍ 22 അടിയായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 12 മണിയോടെ 1000 ക്യൂസെക്സ് വെള്ളം ഷട്ടര്‍ തുറന്ന് ഒഴുക്കി കളയുമെന്നാണ് അധികൃതര്‍ പറയുന്നത്. തടാകത്തിന്റെ ഷട്ടര്‍ തുറന്നതാണ് ചെന്നൈ നഗരത്തെ ദുരിതത്തിലാഴ്ത്തുന്ന വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണമാവുമോ എന്ന് ഭീതിയിലാണ് നഗരത്തിലുള്ളവര്‍
സമുദ്രത്തിന്റെയും അന്തരീക്ഷത്തിന്റെയും അവസ്ഥ കണക്കിലെടുത്ത് നിവാര്‍ കൂടുതല്‍ തീവ്രമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിരവധി ട്രെയിനുകളും ഫ്ലൈറ്റുകളും റദ്ദാക്കുകയും ചെന്നൈയിലെ മൂന്ന് തുറമുഖങ്ങളും അടച്ചതിനാല്‍ തമിഴ്‌നാട്ടും പുതുച്ചേരിയും ബുധനാഴ്ച പൊതു അവധി ദിനമായി പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഒരു മണിക്കൂറിനുള്ളില്‍ ചെമ്പരപ്പാക്കം തടാകം സന്ദര്‍ശിക്കും. ദേശീയ ദുരന്ത നിവാരണ സേനയിലെ 44 അംഗങ്ങളെ രണ്ട് ടീമുകളായി തിരിച്ച് ബോമ്മയാര്‍പാളയത്തിലേക്കും മരകാനത്തിലേക്കും അയച്ചു. ഇന്ന് രാവിലെ 7 മണിമുതല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 116 മരങ്ങള്‍ വീണു. താഴ്ന്ന പ്രദേശങ്ങളിലെ 351 പേരെ നഗരത്തില്‍ സ്ഥാപിച്ച 10 വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ചെന്നൈ നഗരത്തിലെ 53 സ്ഥലങ്ങളില്‍ വെള്ളം സ്തംഭനാവസ്ഥ റിപോര്‍ട്ട് ചെയ്തു.
ഇന്നലെ വൈകീട്ട് ആറിനും എട്ടിനും ഇടയില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാതായി. ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയ്ന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പുതുച്ചേരിയില്‍ വ്യാഴാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ എന്നിവരെ ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. തീരദേശ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജനം കര്‍ശനമായി പാലിക്കണം എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

