കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷം; ജമ്മു കശ്മീരില്‍ കൂടുതല്‍ നേതാക്കള്‍ ഗുലാം നബി ആസാദിനൊപ്പം പാര്‍ട്ടി വിടുന്നു
ശ്രീനഗര്‍: ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിനു പിന്നാലെ 51 നേതാക്കള്‍കൂടി പുറത്തേക്ക്. ആസാദ് പുറത്തുപോയ ശേഷം ഇതുവരെ 64 പ്രമുഖര്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുപോയി.
ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് അടക്കമുള്ളവരാണ് കഴിഞ്ഞ ദിവസം പാര്‍ട്ടിക്ക് പുറത്തുപോയത്.
അവര്‍ തങ്ങളുടെ രാജിക്കത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയ്ക്ക് കൈമാറി.
താരാ ചന്ദും മുന്‍ മന്ത്രിമാരായ അബ്ദുള്‍ മാജിദ് വാണിയും മനോഹര്‍ ലാല്‍ ശര്‍മയും ഖാറു റാമും മുന്‍ എംഎല്‍എ ബല്‍വാന്‍ സിങ്ങും തങ്ങളുടെ രാജി ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ചാണ് പാര്‍ട്ടിവിടുന്നതെന്ന് ബല്‍വാന്‍ സിങ് പറഞ്ഞു.
73വയസ്സുള്ള ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിയെ പൂര്‍ണമായും നശിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
ജമ്മു കശ്മീര്‍ ആസ്ഥാനമാക്കി ഒരു പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡസന്‍കണക്കിന് നേതാക്കള്‍, മുന്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്ഥാനപങ്ങളിലെ അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ജില്ലാ ബ്ലോക്ക്തല നേതാക്കള്‍ എന്നിവരും ആസാദിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
