കോന്നിയില്‍ സിപിഎം-ബിജെപി ധാരണയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഡോ. ആര്‍ ബാലശങ്കര്‍
വിവാദമായി ബിജെപി സൈദ്ധാന്തികന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കോന്നിയില്‍ വിജയിപ്പിക്കാന്‍ സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്ന് ബിജെപി-ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഡോ. ആര്‍ ബാലശങ്കര്‍. ബിജെപിക്ക് 35000-40000 വരെ വോട്ടുള്ള ചെങ്ങന്നൂരും, ആറന്മുളയിലും സിപിഎമ്മിന് വോട്ടുമറിക്കാനും പകരം കോന്നിയില്‍ കെ സുരേന്ദ്രനെ സഹായിക്കാനും സിപിഎം-ബിജെപി ധാരണയുണ്ടെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു. ഈ ധാരണപ്രകാരമാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മല്‍സരിക്കുന്നത്. ഈ ധാരണയുടെ അടിസ്ഥാനത്തിലാവാം തന്നെ ഒഴിവാക്കി അപ്രധാനിയായ എംവി ഗോപകുമാറിനെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. എം വി ഗോപകുമാര്‍ സിപിഎമ്മിന് വളരെ വേണ്ടപ്പെട്ടയാളാണ്. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയായി തന്നെ പരിഗണിച്ചിരുന്നതാണ്. പാര്‍ട്ടിയുടെ എക്ലാസ് മണ്ഡലത്തില്‍ താന്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു. എന്നാല്‍ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. നാല്‍പതു വര്‍ഷമായി താന്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ പാര്‍ട്ടിയ്‌ക്കൊപ്പമാണ്. ചെങ്ങന്നൂരില്‍ താനാണ് ആര്‍എസ്എസ് ആരംഭിക്കുന്നത്. കേരള ബിജെപി നേതാക്കള്‍ മാഫികളെപ്പോലെയാണ് പെരുമാറുന്നതെന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ പത്രാധിപരുമായിരുന്ന ആര്‍ ബാലശങ്കര്‍ പറഞ്ഞു.
അദ്ദേഹം സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നോ എന്ന് അറിയില്ല. മാഫിയ പ്രയോഗത്തില്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും സീറ്റു കിട്ടാത്തതിലുള്ള നിരാശയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. മഞ്ചേശ്വരത്തിന് പുറമെ, കഴിഞ്ഞ തവണ ബിജെപി മൂന്നാം സ്ഥാനത്തായിരുന്ന കോന്നിയില്‍ കെ സുരേന്ദ്രന്‍ മല്‍സരിക്കാന്‍ തീരുമാനിച്ചത് തന്നെ ഈ ഡീലിന്റെ അടിസ്ഥാനത്തിലാവാമെന്നാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറയുന്നത്. രണ്ടിടത്ത് കെ സുരേന്ദ്രന്‍ മല്‍സരിക്കുന്നതിനെ പരോക്ഷമായി വിമര്‍ശിച്ച് ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ശോഭക്കായി ഒഴിച്ചിട്ടിരിക്കുന്ന കഴക്കൂട്ടം മണ്ഡലത്തില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ മല്‍സരിപ്പിക്കാനാണ് ഇപ്പോള്‍ കെ സുരേന്ദ്രന്‍ ശ്രമിക്കുന്നത്.
ബിജെപി ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കി എന്നത് തങ്ങള്‍ തുടക്കത്തിലേ ഉന്നയിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ രണ്ടാമനെ ഇല്ലാതാക്കി ഒന്നാമനെ നേരിടുക എന്ന തന്ത്രമാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രയോഗിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് കേരളത്തിലും പ്രയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഏത് വിധേനയും പത്ത് സീറ്റെങ്കിലും സംസ്ഥാനത്ത് നേടുക എന്നതാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. സിപിഎം-ആര്‍എസ്എസ് വിവാദ ഇടനിലക്കാരന്‍ ശ്രി എമ്മുമായുള്ള ഇടപാടുകള്‍, ഇരുവരുമായുള്ള അടുപ്പം കൂടുതല്‍ ആഴമുള്ളതായി മാറിയിരിക്കുകയാണെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.

