കല്ലറയിൽ സിപിഎം പ്രവർത്തകർ ദലിത് കുടുംബത്തെ വീട് കയറി ആക്രമിച്ചു

മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മകനേയും അമ്മയേയും മകളെയും 68 വയസുള്ള പിതാവിനെയുമാണ് വീട് കയറി തല്ലിച്ചതച്ചത്. ജൂലൈ ഏഴിന് രാത്രിയാണ് സംഭവം.

Update: 2019-07-10 12:06 GMT

തിരുവനന്തപുരം: കല്ലറയിൽ സിപിഎം പ്രവർത്തകർ ദലിത് കുടുംബത്തെ വീട് കയറി ആക്രമിച്ചു. നാലംഗ ദലിത് കുടുംബത്തെയാണ് ആറോളം സിപിഎം പ്രവർത്തകർ ചേർന്ന് വീടുകയറി ആക്രമിച്ചത്. മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മകനേയും അമ്മയേയും മകളെയും 68 വയസുള്ള പിതാവിനെയുമാണ് വീട് കയറി തല്ലിച്ചതച്ചത്. ജൂലൈ ഏഴിന് രാത്രിയാണ് സംഭവം. സംഭവത്തിൽ കിളിമാനൂർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ പോലിസ് തയ്യാറായിട്ടില്ല.  

കല്ലറ മൂർത്തികാവിലെ സിപിഎം പ്രവർത്തകരായ സുബിൻ എന്ന കുഞ്ഞുമോൻ,നന്ദു, രജിൻ, രവീന്ദ്രൻ , ഉണ്ണിക്കുട്ടൻ , അപ്പു എന്നിവരാണ് ദലിത് കുടുംബത്തെ വീട് കയറി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ അമ്മ മകനും കേശവപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പോലിസിന് ആക്രമിച്ചവരുടെ മേൽവിലാസമടക്കം നൽകി പരാതിപ്പെട്ടെങ്കിലും കേസെടുക്കാൻ പോലിസ് തയാറായിട്ടില്ല. 

അക്രമത്തിന് ഇരയായവർ ദലിതരും ആക്രമിച്ചവർ ഉയർന്ന ജാതിയിൽ ഉള്ളവർ ആയത് കൊണ്ടുമാണ് പോലിസ് നിഷ്‌ക്രിയത്വം പാലിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകൻ സേതു ആരോപിക്കുന്നു. ദലിത് കുടുംബം പോലിസിന് മൊഴി നൽകുമ്പോൾ ആക്രമിച്ചവരുടെ പേരുകൾ എടുത്തുപറഞ്ഞെങ്കിലും കണ്ടാലറിയുന്നവർ എന്ന തരത്തിൽ മൊഴിനൽകണമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ദലിത് കുടുംബത്തോട് അവരുടെ ഭൂമി ചുളുവിലയ്ക്ക് നൽകണമെന്ന് ആക്രമണത്തിന് നേതൃത്വം നൽകിയവർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് തയ്യാറാകാത്തതാണ് ആക്രമണത്തിന് കാരണം. വീടിനോട് ചേർന്നുള്ള കുടിൽ തകർക്കുകയും സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിട്ടുണ്ട്. കിളിമാനൂർ പോലിസ് മേൽജാതിക്കാരായ സിപിഎം പ്രവർത്തകരെ സംരക്ഷിക്കുകയാണ്, കുടുംബം ചികിത്സ തേടിയ ആശുപത്രിയിൽ ഇവർ നിരന്തരം കയറിയിറങ്ങി ഭീഷണി മുഴക്കുന്നുണ്ട്. വിരമിച്ച അധ്യാപകനെ തെരുവിൽ ലാത്തികൊണ്ട് മർദിച്ചതിന് കിളിമാനൂർ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. 

Tags:    

Similar News