പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണം; ഗോസംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കി മാറ്റണം: അലഹബാദ് ഹൈക്കോടതി

മൗലികാവകാശം ബീഫ് കഴിക്കുന്നവരുടെ മാത്രം അവകാശമല്ല. ജീവിക്കാനുള്ള അവകാശം കൊല്ലാനുള്ള അവകാശത്തിന് മുകളിലാണെന്നും ബീഫ് കഴിക്കാനുള്ള അവകാശം ഒരിക്കലും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Update: 2021-09-01 15:23 GMT

ലഖ്‌നോ: പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോസംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കി മാറ്റണമെന്നും അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിലെ ഗോവധം തടയല്‍ നിയമം ലംഘിച്ചതിന് അറസ്റ്റിലായ ജാവേദിന് ജാമ്യം നിഷേധിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിചിത്രമായ നിരീക്ഷണം നടത്തിയത്. 'രാജ്യത്തിന്റെ സംസ്‌കാരവും വിശ്വാസവും വ്രണപ്പെടുമ്പോള്‍ രാജ്യം ദുര്‍ബലമാവുമെന്ന് ഞങ്ങള്‍ക്കറിയാം- അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ശേഖര്‍ കുമാര്‍ യാദവ് അഭിപ്രായപ്പെട്ടു.

പശുവിന് മൗലികാവകാശം നല്‍കുന്നത്തിന് പാര്‍ലമെന്റ് നിയമം പാസാക്കണം. മൗലികാവകാശം ബീഫ് കഴിക്കുന്നവരുടെ മാത്രം അവകാശമല്ല. പശുവിനെ ആരാധിക്കുന്നവരുടെയും പശുക്കളെ സാമ്പത്തികമായി ആശ്രയിക്കുന്നവരുടെയും അര്‍ഥവത്തായ ജീവിതം നയിക്കാനുള്ള അവകാശവുമാണെന്ന് കോടതി പറഞ്ഞു. പശുവിനെ അക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. ജീവിക്കാനുള്ള അവകാശം കൊല്ലാനുള്ള അവകാശത്തിന് മുകളിലാണെന്നും ബീഫ് കഴിക്കാനുള്ള അവകാശം ഒരിക്കലും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് പശു. ഗോ സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ല. ഇന്ത്യയുടെ സംസ്‌കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിലുംപെട്ട പൗരന്‍മാരുടെ കടമയാണ്. പ്രായാധിക്യത്തിലും രോഗിയുവുമ്പോള്‍ പോലും പശു ഉപയോഗപ്രദമാണ്. കൂടാതെ പശുവിന്റെ ചാണകവും മൂത്രവും കൃഷിക്കും മരുന്നുകളുടെ നിര്‍മാണത്തിനും വളരെ ഉപകാരപ്രദമാണ്. പശുക്കളുടെ പ്രാധാന്യം ഹിന്ദുക്കള്‍ക്ക് മാത്രമല്ല ഉള്ളത്. മുസ്‌ലിംകളും അവരുടെ ഭരണകാലത്ത് പശുവിനെ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഒരു പ്രധാന ഭാഗമായി കരുതിയിരുന്നു.

ബാബര്‍, ഹുമയൂണ്‍, അക്ബര്‍ ഉള്‍പ്പെടെ അഞ്ച് മുസ്‌ലിം ഭരണാധികാരികള്‍ ഗോവധം നിരോധിച്ചു. അവരുടെ മതപരമായ ഉല്‍സവങ്ങളില്‍ പശുക്കളെ ബലിയര്‍പ്പിച്ചു. മൈസൂരിലെ നവാബ് ഹൈദര്‍ അലി ഗോഹത്യയെ ശിക്ഷാര്‍ഹമായ കുറ്റമാക്കി മാറ്റി. കാലാകാലങ്ങളില്‍ പശുവിന്റെ പ്രാധാന്യം പരിഗണിച്ച് രാജ്യത്തെ സുപ്രിംകോടതിയും വിവിധ കോടതികളും അതിന്റെ സംരക്ഷണത്തിനും രാജ്യത്തെ ജനങ്ങളുടെ വിശ്വാസങ്ങളും കണക്കിലെടുത്ത് നിരവധി തീരുമാനങ്ങളെടുത്തിട്ടുണ്ട്. കൂടാതെ പശുവിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റും നിയമസഭയും കാലക്രമേണ പുതിയ നിയമങ്ങളുമുണ്ടാക്കിയിട്ടുണ്ട്.

ചിലപ്പോള്‍ പശു സംരക്ഷണത്തെക്കുറിച്ചും അഭിവൃദ്ധിയെക്കുറിച്ചും സംസാരിക്കുന്നവര്‍ പശുഭക്ഷകരാവുന്നത് വളരെ വേദനാജനകമാണ്. സര്‍ക്കാര്‍ പശുത്തൊഴുത്ത് നിര്‍മിക്കുന്നു. പക്ഷേ, പശുക്കളെ പരിപാലിക്കാന്‍ ഏല്‍പ്പിച്ച ആളുകള്‍ അത് ചെയ്യുന്നില്ല. പട്ടിണിയും രോഗവും മൂലം പശുക്കള്‍ ചാവുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ ഗോശാലകളുടെ ശോചനീയമായ അവസ്ഥയും ഉത്തരവില്‍ ജഡ്ജി പരാമര്‍ശിച്ചിട്ടുണ്ട്.

വ്യത്യസ്ത മതവിഭാഗങ്ങളും ആചാരങ്ങളുമുണ്ടെങ്കിലും ഒരേ തരത്തില്‍ പൗരന്‍മാര്‍ ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. മുമ്പും ഇതേ കുറ്റത്തിന് അറസ്റ്റിലായിട്ടുളള ജാവേദിന് ജാമ്യം അനുവദിച്ചാല്‍ സാമൂഹിക സൗഹാര്‍ദം തകരും. വിട്ടയച്ചാല്‍ അയാള്‍ വീണ്ടും ഇതേ കുറ്റം ചെയ്യുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഐപിസി സെക്ഷന്‍ 379 (മോഷണത്തിനുള്ള ശിക്ഷ), ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ 3, 5, 8 എന്നിവ പ്രകാരമാണ് പ്രതിക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്.

Tags: