കൊവിഡ് വാക്‌സിന്‍: നിര്‍ബന്ധംവേണ്ട, വാക്‌സിനെടുക്കാത്തവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്നതും തെറ്റ്; സുപ്രിംകോടതി

Update: 2022-05-02 06:52 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു പൗരനെയും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രിംകോടതി. പൗരന്റെ സ്വന്തം ശരീരത്തിലുളള അവകാശം, ഭരണഘടനാപരമായ അധികാരം ഇതൊക്കെ കണക്കിലെടുത്താണ് സുപ്രിംകോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര സര്‍ക്കാരുകളുടെയും കൊവിഡ് വാക്‌സിന്‍ നയം ന്യായീകരിക്കാനാവാത്തതാണെന്ന്  കോടതി ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ എടുക്കാത്തവരെ പൊതുസ്ഥലങ്ങളിലോ മറ്റ് സ്ഥാപനങ്ങളിലോ പ്രവേശിപ്പിക്കാത്തതും ന്യായീകരിക്കാനാവില്ല. അത്തരം നിബന്ധനകള്‍ എടുത്തുകളയാനും കോടതി ആവശ്യപ്പെട്ടു.

അതേസമയം നിലവിലെ വാക്‌സിന്‍ നയം പൂര്‍ണമായും യുക്തിരഹിതവും ഏകപക്ഷീയവുമാണെന്ന് വിലയിരുത്താനും ബെഞ്ച് തയ്യാറായില്ല. വാക്‌സിന്‍ എടുത്തവരേക്കാള്‍ വാക്‌സിന്‍ എടുക്കാത്തവരില്‍നിന്ന് കൊവിഡ് വേഗത്തില്‍ പകരുമെന്ന് തെളിയിക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 

കൊവിഡ്19 വാക്‌സിനേഷന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കാനും സുപ്രിം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.

കുട്ടികള്‍ക്കുള്ള വാക്‌സിനേഷനെക്കുറിച്ച്, വിദഗ്ധരുടെ അഭിപ്രായം കോടതിക്ക് ഊഹിക്കാന്‍ കഴിയില്ലെന്നും വാക്‌സിനേഷന്‍ ആഗോള മാനദണ്ഡങ്ങളും രീതികളും പാലിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധക്കുന്നതുമായി ബന്ധപ്പെട്ട് ഡോ. ജേക്കബ് പുലിയില്‍ നല്‍കിയ ഹരജിയലാണ് കോടതിയുടെ ഉത്തരവ്. ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റ പുറത്തുവിടാനും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് വാക്‌സിന് നിര്‍ബന്ധമാക്കുന്ന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 

Tags:    

Similar News