ഒമിക്രോണ്‍ വ്യാപനം; കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, പൊതുയോഗങ്ങള്‍ക്ക് വിലക്ക്

Update: 2022-01-17 09:01 GMT

കോഴിക്കോട്: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയും ഒമിക്രോണ്‍ സമൂഹവ്യാപനം നടന്നതായി ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുകയും ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പൊതുയോഗങ്ങളിലും പൊതു ഇടങ്ങളിലും ആള്‍ക്കൂട്ടം പാടില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പരിപാടികള്‍ അനുവദിക്കില്ല. ബസ്സുകളില്‍ നിന്ന് യാത്രചെയ്യുന്നത് ഒഴിവാക്കും. കോഴിക്കോട് ബീച്ചില്‍ ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കും. ആവശ്യമെങ്കില്‍ ബീച്ചില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി.

അവധി ദിവസമായ ഇന്നലെ ബീച്ചില്‍ വന്‍ ജനക്കൂട്ടമാണുണ്ടായിരുന്നത്. പൊതുഗതാഗതങ്ങളില്‍ തിരക്ക് കൂട്ടിയുള്ള യാത്ര അനുവദിക്കില്ല. പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാലാണ് അടിയന്തരമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലാണിപ്പോള്‍. കൂടാതെ ഒമിക്രോണ്‍ സാമൂഹിക വ്യാപനവും ജില്ലയില്‍ നടന്നിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച 40 പേരില്‍ 38 പേര്‍ക്കും ഒമിക്രോണ്‍ ബാധയാണെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പരിശോധന നടത്തിയ 30 ഓളം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് വന്നവരുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പരിശോധനയ്ക്ക് കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Tags:    

Similar News