24 മണിക്കൂറിനിടെ രാജ്യത്ത് 12,514 കൊവിഡ് കേസുകള്‍; ചികില്‍സയിലുള്ളത് 1.58 ലക്ഷം രോഗികള്‍, 248 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

Update: 2021-11-01 05:58 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 12,514 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 251 മരണങ്ങളാണ് ഇക്കാലയളവിലുണ്ടായത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ മാത്രം 7,167 പുതിയ കേസുകളും 167 മരണങ്ങളും ഒറ്റദിവസം റിപോര്‍ട്ട് ചെയ്തു. രാജ്യത്ത് ചികില്‍സയിലുള്ളത് 1,58,817 രോഗികളാണ്. ഇത് 248 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സജീവകേസുകള്‍ മൊത്തം കേസുകളുടെ ഒരുശതമാനത്തില്‍ താഴെയാണ്. നിലവില്‍ 0.46 ശതമാനമാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,718 പേര്‍ രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,36,68,560 ആയി. രോഗമുക്തി നിരക്ക് നിലവില്‍ 98.20 ശതമാനമാണ്. ഇന്ത്യയിലെ ആകെ മരണസംഖ്യ 4,58,437 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.42 ശതമാനമാണ്. കഴിഞ്ഞ 28 ദിവസമായി ഇത് രണ്ട് ശതമാനത്തില്‍ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.17 ശതമാനമാണ്. കഴിഞ്ഞ 38 ദിവസമായി ഇത് രണ്ട് ശതമാനത്തില്‍ താഴെയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജനസംഖ്യയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ ഇതുവരെ 60.92 കോടി പരിശോധനകളാണ് നടത്തിയത്. അതേസമയം, രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിനേഷന്‍ 106.31 കോടി കവിഞ്ഞു. ഇതുവരെ 1,06,31,24,205 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഇതുവരെ 112 കോടിയിലധികം (1,12,93,57,545) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. 13 കോടിയിലധികം (13,45,61,536) ഉപയോഗിക്കാത്ത കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍/യുടികള്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും ബാക്കിയുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News