രാജ്യത്ത് 34,403 പുതിയ കൊവിഡ് രോഗികള്‍; ഒരുദിവസത്തിനിടെ 12.5 ശതമാനം വര്‍ധന

ആകെ മരണസംഖ്യ 4,43,928 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 3,42,923 ആയി കുറഞ്ഞിട്ടുണ്ട്.

Update: 2021-09-17 06:32 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,403 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലത്തേതിനേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 12.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരുദിവസത്തിനിടെ 431 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 4,43,928 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 3,42,923 ആയി കുറഞ്ഞിട്ടുണ്ട്.

പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ രേഖപ്പെടുത്തിയ രാജ്യത്തെ മൊത്തം കേസുകളുടെ (3,33,47,325) 1.02 ശതമാനം സജീവ കേസുകളാണ്. രാജ്യത്തെ കൊവിഡ് രോഗികളില്‍ ഭൂരിഭാഗവും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ 17,681 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 3,783 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നിലെങ്കിലും കേരളത്തിലെ പ്രതിദിന കേസുകളിലെ വര്‍ധനവ് ദേശീയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

മിസോറാമില്‍ 1,121 പുതിയ രോഗികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.36 ശതമാനമാണ്. നാലുപേര്‍ കൊവിഡ് മൂലം ഒരുദിവസത്തിനിടെ മരിച്ചു. 13,888 പേരാണ് വൈറസ് ബാധിതരായി ചികില്‍സയിലുള്ളത്. ആകെ 76,591 രോഗികളില്‍ 62,449 പേര്‍ രോഗുമുക്തി നേടിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെ കൊവിഡ് ബാധിതരായി ഇതുവരെ മരണപ്പെട്ടത് 254 പേരാണ്.

Tags: