സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മെയ് നാലിന് ശേഷം ഉണ്ടായ കേസുകളിൽ 90 ശതമാനവും പുറത്ത് നിന്ന് വന്നവരാണ്. മെയ് നാലിന് മുൻപ് അത് 67 ശതമാനമായിരുന്നു.

Update: 2020-06-01 13:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് പോസിറ്റീവായതില്‍ 55 പേരും പുറത്തുനിന്നുവന്നവരാണ്. 18 പേര്‍ക്ക് ഫലം നെഗറ്റീവായി. കാസര്‍കോട്-14 മലപ്പുറം-14 തൃശ്ശൂര്‍-9, കൊല്ലം-5, പത്തനംതിട്ട-4, തിരുവന്തപുരം-3, എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്തുനിന്നുവന്നവരാണ്. 28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ എയര്‍ ഇന്ത്യ സ്റ്റാഫാണ്. മറ്റൊരാള്‍ ഹെല്‍ത്ത് വര്‍ക്കറും. ഇന്ന് പരിശോധനാഫലം നെഗറ്റീവ് ആയത്: മലപ്പുറം-7, തിരുവന്തപുരം-3, കോട്ടയം-3, പത്തനംതിട്ട-1, പാലക്കാട്-1, കോഴിക്കോട്-1,വയനാട്-1,കണ്ണൂര്‍-1.

മെയ് നാലിന് ശേഷം ഉണ്ടായ കേസുകളിൽ 90 ശതമാനവും പുറത്ത് നിന്ന് വന്നവരാണ്. മെയ് നാലിന് മുൻപ് അത് 67 ശതമാനമായിരുന്നു. മെയ് 29 ന് ശേഷം ശരാശരി മൂവായിരം ടെസ്റ്റുകൾ നടത്തുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർഫ്യുവിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തും. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി ജോലി ചെയ്ത് മടങ്ങുന്ന തൊഴിലാളികൾക്ക് 15 ദിവസ കാലാവധിയുള്ള താത്കാലിക പാസ് നൽകും. 3075 മാസ്ക് ധരിക്കാത്ത സംഭവങ്ങൾ റിപോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച ഏഴ് പേർക്കെതിരെ ഇന്ന് കേസെടുത്തു.

ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കാനുള്ള നിർദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. ചിലകാര്യങ്ങളിൽ നിയന്ത്രണം തുടരാനോ കർക്കശമാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. രോഗവ്യാപന സ്ഥിതിയനുസരിച്ച് മാറ്റം വരുത്തണം. കേന്ദ്ര നിർദ്ദേശം സംസ്ഥാനം പരിശോധിച്ചു. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടുന്നത് അനുവദിക്കില്ല. രോഗവ്യാപനം തടയണം. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്സ് ക്വാറന്റൈൻ പരാജയപ്പെടും. പ്രായമായവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകും.

ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേരെന്ന പരിധി വച്ച് വിവാഹ ചടങ്ങുകൾ അനുവദിക്കും. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 പേർ എന്ന നിലയിൽ വിവാഹത്തിന് മാത്രം അനുവാദം നൽകും. വിദ്യാലയങ്ങൾ ജൂലൈ മാസത്തിന് ശേഷമേ സാധാരണ നിലയിൽ തുറക്കൂ. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തിൽ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും.

കണ്ടെയ്ൻമെന്റ് സോണിൽ ജൂൺ 30 വരെ പൂർണ്ണ ലോക്ക്ഡൗൺ. സംസ്ഥാനത്തേക്ക് അതിർത്തിക്ക് പുറത്ത് നിന്ന് വരുന്നവർ സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കാം. രണ്ട് ജില്ലകൾക്കിടയിൽ ബസ് സർവീസ് അനുവദിക്കാം. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം.

കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്താം. 50 പേരിൽ കൂടുതൽ പാടില്ല. ചാനലുകളിൽ ഇൻഡോർ ഷൂട്ടിങിൽ പരമാവധി 25 പേർ മാത്രമേ പാടുള്ളൂ. പൊതുമരാമത്ത് ജോലികൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പത്ത് ദിവസത്തേക്ക് പാസ് നൽകും.

കേരളത്തിന്റെ കൊവിഡുമായി പരിശോധിക്കുമ്പോൾ പ്രഥമ പരിഗണന പ്രതിരോധ മാർഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. രോഗം രൂക്ഷമായി പടർന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈൻ ഘട്ടങ്ങൾ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്മെന്റിനും മാത്രം ഊന്നൽ നൽകി. ഇതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടൽ കൊണ്ടാണ്.

കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനം. കൊവിഡ് 19 ന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് സംഖ്യ പരിശോധിച്ചാൽ മികവറിയാം. ഒരു രോഗിയിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതാണ് ഈ കണക്ക്. ലോകത്തിൽ മൂന്നാണ് ഈ ശരാശരി കണക്ക്. ഒരാളിൽ നിന്ന് മൂന്ന് പേരിലേക്ക് രോഗം പകരുന്നുവെന്നാണ്. കേരളത്തിൽ ആദ്യ മൂന്ന് കേസ് വുഹാനിൽ നിന്നെത്തി. ഇവരിൽ നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാൻ നമുക്ക് സാധിച്ചു.

രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകൾ 30 ഓളം കണ്ടെത്തിയില്ലേയെന്ന് ചിലർ ചോദിക്കുന്നു. അത് സമൂഹിക വ്യാപനത്തിന്റെ ലക്ഷണമല്ലേയെന്ന് ചോദിക്കപ്പെട്ടേക്കാം. ഈ 30 കേസുകളും സാമൂഹിക വ്യാപനമല്ല. എത്രയൊക്കെ ശ്രമിച്ചാലും രണ്ടാഴ്ചക്കുള്ളിൽ അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും പൂർണ്ണമായും കണ്ടെത്താനാവില്ല. കുറച്ചുപേരെയെങ്കിലും റൂ്ട്ടമാപ്പിൽ ബന്ധപ്പെടാനാകാതെ പോയേക്കാം. അത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമായി ഉറപ്പിക്കാനാവില്ല. അത്തരം സംഭവങ്ങൾ കൂടുതലായുണ്ടോയെന്ന് പരിശോധിക്കുകയും കൂടുതൽ ടെസ്റ്റ് നടത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ സംസ്ഥാനത്ത് 1,326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 708 പേര്‍ നിലവില്‍ ചികിൽസയിലുണ്ട്. 1,39,661 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 1,38,397 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,246 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 68,979 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 65,273 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

Similar News