ഷാഹി മസ്ജിദിനെതിരായ കോടതി നീക്കം ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: പോപുലര്‍ ഫ്രണ്ട്

മഥുര ഷാഹി ഈദ്ഗാഹ് പള്ളിക്കു മേലുള്ള ഹരജിക്കാരുടെ അവകാശവാദങ്ങളെയും ഇദ്ഗാഹ് മസ്ജിദ് വിഷയത്തില്‍ ജില്ലാ കോടതിയുടെ സമീപനത്തെയും എതിര്‍ക്കാന്‍ രാജ്യത്തിന്റെ സമാധാനപരമായ ഭാവി ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരോടും ഒ എം എ സലാം ആഹ്വാനം ചെയ്തു

Update: 2020-10-18 10:29 GMT
ന്യൂഡല്‍ഹി: ഷാഹി ഈദ്ഗാഹ് പൊളിച്ചു നീക്കം ചെയ്യാനാവശ്യപ്പെട്ടുള്ള ഹരജി സ്വീകരിച്ച മഥുര ജില്ലാ കോടതിയുടെ നടപടി അന്യായമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം പ്രസ്താവനയില്‍ പറഞ്ഞു. ഈദ് ഗാഹ് പള്ളിക്കെതിരായ നീക്കം വര്‍ഗീയപ്രേരിതവും മുസ് ലിം ആരാധനാലയങ്ങള്‍ക്കെതിരായ സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടയുടെ ഭാഗവുമാണ്. പൊളിക്കാന്‍ ആഗ്രഹിക്കുന്ന പള്ളികളുടെ നീണ്ട പട്ടിക തന്നെ സംഘപരിവാര്‍ തയ്യാറാക്കിയിട്ടുണ്ട്. ബാബ്രി മസ്ജിദ് അന്യായമായ വിധിയിലൂടെ നേടിയെടുത്ത ഉടനെ, മഥുര ഈദ്ഗാഹ് മസ്ജിദിനെതിരേ നിയമപരമായ ആക്രമണം ആരംഭിച്ചെങ്കിലും കീഴ്ക്കോടതി ഹരജി തള്ളുകയായിരുന്നു.

    കീഴ്ക്കോടതിയുടെ തീരുമാനം നീതിയുടെ താല്‍പ്പര്യത്തിനും നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതവുമായിരുന്നു. 1991 ലെ ആരാധനാലയ(പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, 1947ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങള്‍ മാറ്റംവരുത്തുന്നത് നിരോധിക്കുകയും അവയുടെ മതപരമായ സ്വഭാവം അതേ അവസ്ഥയില്‍ നിലനിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്യുന്നുണ്ട്. അതിനാല്‍ 1947 ന് ശേഷമുള്ള കേസുകളിലും സമാനമായ അവകാശവാദങ്ങളിലും ബാബരി മസ്ജിദ് കേസിലെ വിധി അടിസ്ഥാനമായി സ്വീകരിക്കാന്‍ പാടില്ല. അതിനാല്‍ ഹരജി സ്വീകരിക്കാനുള്ള മഥുര ജില്ലാ കോടതി തീരുമാനം തികച്ചും തെറ്റും അന്യായവുമാണ്. ഈ തീരുമാനം സാമുദായിക ഐക്യത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും വരുംകാലങ്ങളില്‍ മതസമൂഹങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ബാബ്രി മസ്ജിദ് വിഷയത്തില്‍ സംഭവിച്ചത് അതാണ്. ബാബ്രി മസ്ജിദ് കേസിന്റെ ചരിത്രം ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. ഒരു വശത്ത് ന്യൂനപക്ഷ ആരാധനാലയങ്ങളില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ ഈ തീരുമാനം പ്രോല്‍സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് അത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയില്‍ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും.

    മഥുര ഷാഹി ഈദ്ഗാഹ് പള്ളിക്കു മേലുള്ള ഹരജിക്കാരുടെ അവകാശവാദങ്ങളെയും ഇദ്ഗാഹ് മസ്ജിദ് വിഷയത്തില്‍ ജില്ലാ കോടതിയുടെ സമീപനത്തെയും എതിര്‍ക്കാന്‍ രാജ്യത്തിന്റെ സമാധാനപരമായ ഭാവി ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരോടും ഒ എം എ സലാം ആഹ്വാനം ചെയ്തു.




Tags:    

Similar News