രാജ്യത്ത് കൊവിഡ് ബാധിതര്‍ 60,000 കടന്നു; 24 മണിക്കൂറിനിടെ 3,277 പുതിയ കേസുകള്‍; 127 മരണം

നിലവില്‍ ചികില്‍സയിലുള്ളത് 39,834 പേരാണ്. 17,846 പേര്‍ക്ക് രോഗം ഭേദമായി.

Update: 2020-05-10 04:55 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60,000 ത്തിലേക്ക് കടന്നു. മരണസംഖ്യ 2,109 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3320 പേര്‍ക്ക് രോഗം ബാധിക്കുകയും 95 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ ചികില്‍സയിലുള്ളത് 39,834 പേരാണ്. 17,846 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധത്തിനായി പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ മരണ സഖ്യ 778 ആയി. കൊവിഡ് കേസുകള്‍ 20,228 ആണ്. പുതിയ 1165 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 48 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7797 ആയി. 472 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടയില്‍ 394 പോസിറ്റീവ് കേസുകളും 23 മരണവുമാണ് റിപോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 6542 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 68 പേര്‍ മരിച്ചു. രാജസ്ഥാനില്‍ രോഗികളുടെ എണ്ണം 3708 ആയി. മധ്യപ്രദേശില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3457 ആയി ഉയര്‍ന്നു. അതേസമയം, ഉത്തര്‍പ്രദേശില്‍ 3373 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ത്രിപുരയില്‍ 17 ബിഐഎസ് ജവാന്മാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 62 സിആര്‍ പിഎഫ് ജവാന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ പോസിറ്റീവ് കേസുകള്‍ 59,662 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ 129, പഞ്ചാബില്‍ 31, ചണ്ഡീഗണ്ഡില്‍ 23, ജമ്മുകശ്മീരില്‍ 13 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കേസുകള്‍.