24 മണിക്കൂറില്‍ 57,982 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് മരണം അരലക്ഷം കടന്നു; ആകെ രോഗബാധിതര്‍ 26 ലക്ഷം

നിലവിൽ മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂടുതൽ രോഗികളും എറ്റവും കൂടുതൽ കൊവിഡ് മരണങ്ങളും. തമിഴ്നാടും ആന്ധ്ര പ്രദേശുമാണ് മഹാരാഷ്ട്ര കഴിഞ്ഞാൽ കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങൾ.

Update: 2020-08-17 04:57 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,982 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 26,47,664 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 941 കൊവിഡ് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. രാജ്യത്ത് നിലവില്‍ 6,76,900 പേരാണ് ചികില്‍സയിലുള്ളത്. 19,19,843 പേര്‍ കൊവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.എം.സി.ആര്‍.) കണക്കുപ്രകാരം ഇന്നലെ 7,46,608 സാംപിളാണ് പരിശോധിച്ചത്. ഇതുവരെ 3,00,41,400 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. നിലവിൽ മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂടുതൽ രോഗികളും എറ്റവും കൂടുതൽ കൊവിഡ് മരണങ്ങളും. തമിഴ്നാടും ആന്ധ്ര പ്രദേശുമാണ് മഹാരാഷ്ട്ര കഴിഞ്ഞാൽ കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങൾ.


മഹാരാഷ്ട്രയില്‍ ഇന്നലെ 11,111 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 288 പേര്‍ മരിച്ചു. ആകെ 5.95 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 8,012 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 10,117 പേര്‍ രോഗമുക്തി നേടി. 88 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.89 ലക്ഷമാണ്. തമിഴ്‌നാട്ടില്‍ ഇന്നലെ 5,950 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 125 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 3.38 ലക്ഷമായി. ഇതില്‍ 2.78 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 54,019 പേരാണ് ഇനി ചികില്‍സയിലുള്ളത്. മരണ സംഖ്യയില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ളത് മെക്‌സിക്കോ, ബ്രസീല്‍, യുഎസുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് യുഎസില്‍. അരക്കോടിയിലേറെ ജനങ്ങള്‍ക്ക് യുഎസില്‍ ഇതിനകം വൈറസ് ബാധയേറ്റെന്നാണ് വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പറയുന്നത്.