ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കേരളത്തിലും

കോഴിക്കോട് നടത്തിയ ഗവേഷണത്തിലാണ് കൊവിഡ് വൈറസുകളുടെ ജനിതക മാറ്റം കണ്ടെത്തിയത്.

Update: 2020-12-26 09:37 GMT

തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ കേരളത്തിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്നാല്‍ ഇത് ബ്രിട്ടനില്‍ കണ്ടെത്തിയ അതേ വൈറസ് ശ്രേണി തന്നെയാണോ എന്നറിയാന്‍ കൂടുതല്‍ ഗവേഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ വ്യാപന ശേഷി എത്രത്തോളമാണ് എന്ന കാര്യത്തിലും പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ശൈലജ അറിയിച്ചു. കോഴിക്കോട് നടത്തിയ ഗവേഷണത്തിലാണ് കൊവിഡ് വൈറസുകളുടെ ജനിതക മാറ്റം കണ്ടെത്തിയത്.


യുകെയില്‍ നിന്നെത്തിയ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ജനിതക മാറ്റം വന്ന വൈറസിന്റെ ശ്രേണിയില്‍പ്പെട്ടതാണോ എന്നറിയില്ല. സാംപിളുകള്‍ പൂനെയിലേക്ക് അയിച്ചിരിക്കുകയാണ്. ചില വൈറസുകള്‍ ജനിതകമാറ്റം സംഭവിച്ചാല്‍ അപകടകാരികള്‍ അല്ലാതായി മാറാനും സാധ്യതയുണ്ട്. എന്നാല്‍ ചിലത് ജനിതകമാറ്റം സംഭവിച്ചാല്‍ കൂടുതല്‍ അപകടകാരികളായി മാറാം. ശ്രദ്ധയോടെ ഇരിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോംവഴി.ജനിതകമാറ്റം വന്ന വൈറസിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ അതീവ ജാഗ്രതയില്‍ തന്നെയാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.




Tags: