എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട്: ഹരജി തള്ളി; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണം

കേസില്‍ കര്‍ദ്ദിനാള്‍ വിചാരണ നേരിടണമെന്ന് നേരത്തെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്.എന്നാല്‍ കീഴ്‌ക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു

Update: 2021-08-12 09:19 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.കേസില്‍ കര്‍ദ്ദിനാള്‍ വിചാരണ നേരിടണമെന്ന് നേരത്തെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം ജില്ലാ സെഷന്‍സ് കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്.എന്നാല്‍ കീഴ്‌ക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു.

ആറു ഹരജികളാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയിരുന്നത്.പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗ്ഗീസിന്റെ പരാതിയിലായിരുന്നു കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ കേസെടുത്തിരുന്നത്.അതിരൂപതയുടെ കീഴില്‍ കാക്കാനാടിന് സമീപമുള്ള ഭൂമി വില്‍പന നടത്തി അതിരൂപതയ്ക്ക് നഷ്ടമുണ്ടാക്കിയെന്നാണ് പരാതിക്കാരന്റെ വാദം.എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ വില്‍പന നടത്തണമെങ്കില്‍ അതിരൂപതയിലുള്ള വിവിധ സമിതികളില്‍ കൂടിയാലോചന നടത്തി അനുവാദം വാങ്ങണം. എന്നാല്‍ ഈ സമിതികളിലൊന്നും ചര്‍ച്ച ചെയ്യാതെയാണ് ഭുമി വില്‍പന നടത്തിയതെന്നും പരാതിക്കാരന്‍ പറയുന്നു.

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കൂടാതെ അതിരൂപത മുന്‍ ഫിനാന്‍സ് ഓഫിസിര്‍ ജോഷി പുതുവ, സാജു വര്‍ഗ്ഗീസ് എന്നിവരും കേസില്‍ വിചാരണ നേരിടണം.അതേ സമയം ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് ലഭിക്കുന്നവിവരം.

Tags: