കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കും: രാഹുല്‍ ഗാന്ധി

Update: 2020-10-04 11:06 GMT

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വിവാദമായ കാര്‍ഷികമേഖലയിലെ കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രാഹുല്‍ ഗാന്ധി. ഈ സംവിധാനം നശിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. പഞ്ചാബില്‍ നടന്ന 'ഖേതി ബച്ചാവോ യാത്ര'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ താങ്ങുവിലയെയു ഭക്ഷ്യസംഭരണത്തെയും നശിപ്പിക്കുകയെന്നതാണ് ബിജെപിയുടെ ഏക ലക്ഷ്യം. കോണ്‍ഗ്രസ് ഒരിക്കലും ഈ സര്‍ക്കാരിനെ ഇത് ചെയ്യാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ ഞങ്ങള്‍ പോരാടും. കറുത്ത നിയമങ്ങള്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മോദി കര്‍ഷകര്‍ക്ക് ഒരു പൈസ പോലും കൊടുത്തിട്ടില്ല. എന്തുകൊണ്ടാണ് ബില്ല് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാതിരുന്നത്. കൊവിഡ് കാലത്ത് തന്നെ കാര്‍ഷിക ബില്ല് കൊണ്ടുവന്നതിന്റെ അനിവാര്യത എന്താണ്. കുറ്റവാളികള്‍ രക്ഷപ്പെടുന്നതാണ് പുതിയ ഇന്ത്യയുടെ മുഖം. ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ക്ക് നിങ്ങളുടെ ഭൂമിയും പണവുമാണ് ആവശ്യം. ഇത് മോദി സര്‍ക്കാരല്ല, അംബാനി-അദാനി സര്‍ക്കാരാണെന്നും രാഹുല്‍ ആഞ്ഞടിച്ചു.

    രാജ്യവ്യാപകമായുള്ള പ്രതിഷേധത്തിനിടെ കഴിഞ്ഞ മാസം പാര്‍ലമെന്റ് അംഗീകരിച്ച നിയമങ്ങള്‍ക്കെതിരായ കോണ്‍ഗ്രസ് നിലപാട് ഉയര്‍ത്തിക്കാട്ടുന്നതാണ് 'ഖേതി ബച്ചാവോ യാത്ര'. അതേസമയം, കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമായ പരിഷ്‌കാരങ്ങളാണെന്നും സ്വന്തം താല്‍പര്യത്തിനു വേണ്ടി കോണ്‍ഗ്രസ് കര്‍ഷകരെ മസ്തിഷ്‌കപ്രക്ഷാളനം നടത്തുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

    പുതിയ നിയമങ്ങള്‍ രാജ്യത്ത് എവിടെയും കുത്തകകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവരെ പ്രാപ്തരാക്കുന്നു വന്‍കിട കമ്പനികളുടെ ചൂഷണത്തിന് കര്‍ഷകരെ വിധേയരാക്കുമെന്നുമാണ് കര്‍ഷകരും പ്രതിപക്ഷവും പറയുന്നത്. നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും രൂക്ഷമാണ്. പ്രതിഷേധം ശക്തമായതു കാരണം എന്‍ഡിഎയുടെ പഴയകാല സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ സഖ്യം വിടുകയും കേന്ദ്രസര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നുണ്ട്. നവ്‌ജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെയുള്ളവര്‍ ട്രാക്റ്റര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.


Congress will remove these Black laws: Rahul Gandhi




Tags: