വംശവെറിയുടെ പരീക്ഷണ ശാലയായി ദരാംഗ്: കുടിയൊഴിപ്പിക്കപ്പെട്ട മുസ്‌ലിംങ്ങളെ തിരിഞ്ഞു നോക്കാതെ അസം സര്‍ക്കാര്‍
വെടിയേറ്റ് നിലത്തുവീണ മുസ്‌ലിം കര്‍ഷകനുമേല്‍ ഒരു കാമറാമാന്‍ താണ്ഡവ നൃത്തമാടിയതോടെ സംഭവം ദേശീയ അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ലഖ്‌നൗ: സപ്തംബര്‍ അവസാന വാരത്തിലാണ് ദരാംഗ് ജില്ലയിലെ ധോല്‍പൂര്‍ പ്രദേശത്ത് താമസിക്കുന്ന നൂറുകണക്കിന് മുസ്‌ലിം കുടുംബങ്ങളെ കൈയേറ്റം ഒഴിപ്പിക്കാനെന്ന വ്യാജേന അവരുടെ ആവാസ മേഖലയില്‍നിന്നു അസംഭരണകൂടം ചവിട്ട് പുറത്താക്കിയത്.പതിറ്റാണ്ടുകളായി താമസിച്ച് വരുന്ന തങ്ങളുടെ ഭവനങ്ങളില്‍നിന്നു ആട്ടിപ്പുറത്താക്കാനുള്ള ഭരണകൂട ശ്രമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിയുതിര്‍ത്താണ് പോലിസും ഭരണകൂടവും പ്രതികരിച്ചത്. വെടിയേറ്റ് നിലത്തുവീണ മുസ്‌ലിം കര്‍ഷകനുമേല്‍ ഒരു കാമറാമാന്‍ താണ്ഡവ നൃത്തമാടിയതോടെ സംഭവം ദേശീയ അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
അക്കാദമിക് വിദഗ്ധരും മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അടങ്ങുന്ന ഒരു പ്രതിനിധി സംഘം അടുത്തിടെ പ്രദേശം സന്ദര്‍ശിച്ച് കുടിയൊഴിപ്പിക്കല്‍ യജ്ഞത്തിലെ ഇരകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം രണ്ടിന് തങ്ങളുടെ വസ്തുതാന്വേഷണത്തിലെ കണ്ടെത്തലുകള്‍ അവര്‍ പ്രസിദ്ധീകരിച്ചു. അതില്‍ 'ധോല്‍പൂരിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതില്‍ അസം സര്‍ക്കാരിന്റെ ബോധപൂര്‍വമായ നീക്കത്തെക്കുറിച്ച്' അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജന്‍ഹസ്തക്ഷേപിന്റെ ബാനറിന് കീഴില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎന്‍യു) ഫാക്കല്‍റ്റി ഡോ. വികാസ് ബാജ്‌പേയ്, ഡല്‍ഹി സര്‍വകലാശാലയിലെ ദേശ്ബന്ധു കോളജിലെ പ്രഫ. ബിശ്വജീത് മൊഹന്തി ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകനും കുടിയേറ്റ വിരുദ്ധ പ്രവര്‍ത്തകനുമായ സുധീര്‍ പട്‌നായിക്ക് എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് പ്രദേശം സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിയത്.
ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കപ്പെട്ട ഈ പ്രദേശത്തെ ആളുകളുടെ ഇപ്പോഴത്തെ ദയനീയാവസ്ഥ വരച്ചുകാട്ടുന്നതായിരുന്നു സംഘം പുറത്തുവിട്ട റിപോര്‍ട്ട്. തകരം, വൈക്കോല്‍, മുള എന്നിവകൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡുകളിലാണ് അവര്‍ താമസിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഓരോ കുടുംബവും മുന്നോട്ട് പോവുന്നത്. ശുചിത്വമില്ലായ്മ, സുരക്ഷിതമായ കുടിവെള്ള വിതരണത്തിന്റെ അഭാവം, കടുത്ത ഭക്ഷണ ക്ഷാമം, വൈദ്യസഹായത്തിന്റെ അപര്യാപ്തതയും പ്രദേശം നേരിടുന്നതായി സംഘം വ്യക്തമാക്കി.
ചില എന്‍ജിഒകളും സ്വകാര്യ സ്ഥാപനങ്ങളും ഭക്ഷണ വിതരണം നടത്തുകയും വെള്ളത്തിനായി ചില ഹാന്‍ഡ് പമ്പുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് ഇവ തീരെ പര്യാപ്തമല്ലെന്നാണ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
'ഒരു സര്‍ക്കാര്‍ ഏജന്‍സിയും ഈ ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ആശ്വാസം നല്‍കുന്നതിനായി എത്തിയതിന്റെ ഒരു തുമ്പും തങ്ങള്‍ക്ക് കണ്ടെത്താനായില്ലെന്നും ഇത് കൂട്ടക്കൊല നടത്തുന്നതില്‍ ഗവണ്‍മെന്റിന്റെ ബോധപൂര്‍വമായ നീചമായ നീക്കത്തെ കൂടുതല്‍ സാക്ഷ്യപ്പെടുത്തുന്നതാണെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
താമസക്കാര്‍ക്ക് സ്ഥലം വിട്ടുനല്‍കാന്‍ മതിയായ സമയം നല്‍കിയില്ലെന്ന വസ്തുത ഉയര്‍ത്തിക്കാട്ടി സംഘം 'സര്‍ക്കാര്‍ സംവിധാനത്തിന്റെ ക്രിമിനല്‍ മാനസികാവസ്ഥ' വരച്ച് കാണിക്കുന്നുണ്ട്.
സെപ്തംബര്‍ 19ന് അര്‍ദ്ധരാത്രി 12 മണിക്ക് സഹീര്‍ എന്ന താമസക്കാരന് കുടിയൊഴിപ്പിക്കല്‍ നോട്ടിസ് ലഭിച്ചത്. അടുത്ത ദിവസം രാവിലെ, വീട് പൊളിച്ച് നീക്കാന്‍ ഭരണകൂടം എത്തി.നോട്ടിസ് ലഭിച്ച് മൂന്ന് മാസത്തിനകം സ്ഥലം ഒഴിഞ്ഞാല്‍ മതിയെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. എന്നാല്‍, അവയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടള്ളതായിരുന്നു ഭരണകൂട നടപടി. ഭൂരിഭാഗം ആളുകളെയും ഒഴിപ്പിക്കാന്‍ ഭരണകൂടം സമാനമായ തന്ത്രങ്ങള്‍ പ്രയോഗിച്ചതായി സംഘം കണ്ടെത്തി.
ഭരണകൂടത്തിന്റെയും പോലിസിന്റെയും ഭാഗത്തുനിന്നുള്ള ഇത്തരം മനോഭാവം ഭരണകൂട സംവിധാനത്തിന് ശല്യമുണ്ടാക്കുന്ന ക്രിമിനല്‍ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് സംഘം പറഞ്ഞു.
കോര്‍പ്പറേറ്റുകളുടെ വാണിജ്യ ലാഭത്തിന് വേണ്ടി കൂടുതല്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ആഗ്രഹമാണ് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിന് പിന്നിലെന്ന് സംഘം കരുതുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ ഭൂനയം വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളെ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഇവരുടെ വാദം.
വര്‍ഷങ്ങളായി അസമിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ഉപജീവനത്തിന് ഭീഷണിയായ മറ്റൊരു അസ്വാസ്ഥ്യത്തിലേക്കും സംഘം ശ്രദ്ധ ആകര്‍ഷിച്ചു. 'ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതിലുള്ള ഭൂമിയുടെ മണ്ണൊലിപ്പിലേക്ക് നയിച്ചു, അതിന്റെ ഫലമായി സംസ്ഥാനകത്തുതന്നെ ജനങ്ങളുടെ കുടിയേറ്റത്തിലേക്ക് നയിച്ചതായും സംഘം ചൂണ്ടാക്കാട്ടി.എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഭരണവര്‍ഗം പരാജയപ്പെട്ടു.
കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും 2019ലെ ഭൂനയം പിന്‍വലിക്കണമെന്നും നദീതീരത്തെ മണ്ണൊലിപ്പ് പഠിക്കാന്‍ ശാസ്ത്രജ്ഞരുടെ സംഘത്തെ രൂപീകരിക്കണമെന്നും സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

