തലശ്ശേരിയില്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമെന്ന് കമ്മീഷണര്‍; നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി, സമാധാന യോഗം വിളിക്കും
300 ഓളം പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ച് തടിച്ചുകൂടിയിട്ടും കേവലം അഞ്ചു പേര്‍ക്കെതിരേ മാത്രമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തലശ്ശേരിയില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ തുടരും. ആളുകള്‍ അനാവശ്യമായി നഗരത്തിലേക്ക് എത്തരുതെന്നും കൂട്ടം കൂടി നില്‍ക്കരുതെന്നും പോലിസ് അറിയിച്ചു. ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ തലശ്ശേരി മേഖലയില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കി.
നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ നഗരത്തില്‍ വന്‍ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായത്.
പോലിസിനെയും നിയമത്തേയും വെല്ലുവിളിച്ച് തലശ്ശേരിയിലെ ബിജെപി ഓഫിസിന് മുന്നില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ അവിടെ നിന്നും മുദ്രാവാക്യം വിളിയുമായി സിപിഎം ഓഫിസിലേക്ക് വരികയായിരുന്നു.
മുന്നൂറോളം ബിജെപി പ്രവര്‍ത്തകര്‍ തലശ്ശേരി ടൗണില്‍ എത്തിയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചു നിന്നു. പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പോലിസ് ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തതോടെ പ്രവര്‍ത്തകര്‍ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു.
300 ഓളം പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ച് തടിച്ചുകൂടിയിട്ടും കേവലം അഞ്ചു പേര്‍ക്കെതിരേ മാത്രമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
രണ്ട് ദിവസം മുന്‍പ് കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ചരമവാര്‍ഷിക ദിനത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തലശ്ശേരി നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഭവം വിവാദമായതിനെ തുടര്‍ന്ന് കണ്ടാലറിയുന്ന 25 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ, മുസ്‌ലിം ലീഗ്, എസ്ഡിപിഐ സംഘടനകള്‍ തലശ്ശേരി ടൗണില്‍ പ്രകടനം നടത്തിയിരുന്നു.

