വീണ്ടും ഹിജാബ് വിലക്ക്; കര്‍ണാടകയില്‍ ആറ് കോളജ് വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു

നിയമം ലംഘിച്ച് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥിനികള്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കോളജ് മാനേജ്‌മെന്റിന്റെ നടപടി.

Update: 2022-06-02 13:40 GMT

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ ആറ് വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. ആറ് വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് കോളജിലെത്തുകയും ക്ലാസ് മുറിയില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നാലെ അധ്യാപകര്‍ വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി.

ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥിനികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. നിയമം ലംഘിച്ച് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥിനികള്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കോളജ് മാനേജ്‌മെന്റിന്റെ നടപടി. ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകര്‍ പുറത്താക്കിയ വിദ്യാര്‍ഥിനികള്‍ മറ്റ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്‌മെന്റ് ആരോപിക്കുന്നു.

എന്നാല്‍ തങ്ങള്‍ നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.

നേരത്തെ കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ലെന്നും ആ നിലയില്‍ ഹിജാബ് നിരോധിച്ചതില്‍ തെറ്റില്ലെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്.