താജ്മഹലിനു പിറകെ കുതുബ് മിനാറിനുമേലും അവകാശവാദം; ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി ദൈവങ്ങളുടെ പേരില്‍ ഹരജി

അഭിഭാഷകരായ ഹരിശങ്കര്‍ ജെയിന്‍, രഞ്ജന അഗ്‌നിഹോത്രി എന്നിവരാണ് ജൈന ദേവനായ തീര്‍ത്ഥങ്കരന്‍, ഹിന്ദു ദൈവമായ വിഷ്ണു എന്നിവരുടെ പേരില്‍ ഹരജി നല്‍കിയത്.

Update: 2020-12-10 06:09 GMT

ന്യൂഡല്‍ഹി: താജ്മഹല്‍ നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നു എന്ന അവകാശവാദത്തിനു പിറകെ കുതുബ് മിനാറിനുമേലും അവകാശവാദവുമായി കോടതിയില്‍ ഹരജി. 27 ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്ന ക്ഷേത്ര സമുച്ചയം തകര്‍ത്താണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുതുബ് മിനാര്‍ നിലനില്‍ക്കുന്ന ക്വാവത്ത് ഉല്‍ ഇസ്‌ലാം പള്ളി നിര്‍മിച്ചതെന്നും അവിടെ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടാണ് ന്യൂഡല്‍ഹിയിലെ സാകേത് കോടതിയില്‍ ഹരജി നല്‍കിയിട്ടുള്ളത്. അവിടെ ഹിന്ദു, ജൈന ദേവതകളെ ആരാധിക്കാന്‍ അനുമതി നല്‍കാനും കോടതിയോട് ആവശ്യപ്പെട്ടു. അഭിഭാഷകരായ ഹരിശങ്കര്‍ ജെയിന്‍, രഞ്ജന അഗ്‌നിഹോത്രി എന്നിവരാണ് ജൈന ദേവനായ തീര്‍ത്ഥങ്കരന്‍, ഹിന്ദു ദൈവമായ വിഷ്ണു എന്നിവരുടെ പേരില്‍ ഹരജി നല്‍കിയത്.


മുഗള്‍ ചക്രവര്‍ത്തിയായ ഖുതുബ്ദിന്‍ ഐബക്കിന്റെ നേതൃത്വത്തില്‍ 27 ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റുകയും നശിപ്പിക്കപ്പെടുകയും ചെയ്തുവെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. നിലവിലുള്ള കെട്ടിടത്തിന്റെ ചുവരുകളിലും തൂണുകളിലും മേല്‍ക്കൂരയിലും ശ്രീ ഗണേഷ്, വിഷ്ണു, യക്ഷ, യക്ഷിനി, ദ്വാര്‍പാല്‍, പാര്‍ശ്വനാഥ്, മഹാവീര്‍, നടരാജ്, മംഗള്‍ പോലുള്ള ചിഹ്നങ്ങള്‍ ഉണ്ടെന്നും ഹരജിയില്‍ പറയുന്നു. മറ്റു ഹിന്ദുമത ചിഹ്നങ്ങളും ഇവിടെ കൊത്തിവെച്ചിട്ടുണ്ട്. കെട്ടിട സമുച്ചയത്തിന്റെ ഘടനാപരവും ആന്തരികവുമായ നിര്‍മിതി പുരാതന ഹിന്ദു, ജൈന ക്ഷേത്ര വാസ്തുവിദ്യയെ അടയാളപ്പെടുത്തുന്നു. ഇടനാഴി പൂര്‍ണ്ണമായും വേദശൈലിയിലാണ് എന്നൊക്കെയാണ് അവകാശവാദം സ്ഥാപിക്കാനായി ഹരജിയില്‍ വാദിക്കുന്നത്.


ക്വവാത് ഉല്‍ ഇസ്ലാം പള്ളി ദേശീയ പ്രാധാന്യമുള്ള ഒരു സ്മാരകമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1958 ലെ വ്യവസ്ഥ പ്രകാരം പുരാതന സ്മാരകങ്ങളും പുരാവസ്തു സൈറ്റുകളും എ.എസ്.ഐ ആണ് പരിപാലിക്കുന്നത്.




Tags:    

Similar News