അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കുമെന്ന് യുപി പോലിസ് മേധാവി

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ അക്രമത്തിന് പിന്നാലെയാണ് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലും വിദ്യാര്‍ഥി പ്രതിഷേധം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ 60 ഓളം വിദ്യാര്‍ഥികള്‍ക്കും 15 ഓളം പോലിസുകാര്‍ക്കും പരിക്കേറ്റിരുന്നു.

Update: 2019-12-16 06:06 GMT

ലഖ്നോ: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ഥികളെ തിങ്കളാഴ്ച ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലിസ് മേധാവി ഒപി സിംഗ്. എല്ലാ വിദ്യാര്‍ഥികളെയും തിങ്കളാഴ്ച തന്നെ വീടുകളിലേക്ക് അയക്കുമെന്നും കഴിഞ്ഞദിവസം പോലീസ് പരമാവധി സംയമനം പാലിച്ചെന്നും ഉത്തര്‍പ്രദേശ് പോലീസ് മേധാവി ഒപി സിങ് പറഞ്ഞു.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ അക്രമത്തിന് പിന്നാലെയാണ് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലും വിദ്യാര്‍ഥി പ്രതിഷേധം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ 60 ഓളം വിദ്യാര്‍ഥികള്‍ക്കും 15 ഓളം പോലിസുകാര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മീററ്റ്, അലിഗഢ്, സഹാറന്‍പുര്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

കഴിഞ്ഞദിവസം വന്‍ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ച ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ തിങ്കളാഴ്ച രാവിലെയും വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. പോലിസ് അതിക്രമത്തില്‍ ഡല്‍ഹി പോലിസിനെതിരേ നടപടി ആവശ്യപ്പെട്ടും പൗരത്വ നിയമത്തിനെതിരെയുമാണ് പ്രതിഷേധം തുടരുന്നത്.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരും അല്ലാത്തവരുമായ വിദ്യാര്‍ഥികള്‍ ഷര്‍ട്ടുകള്‍ ധരിക്കാതെയാണ് സര്‍വകലാശാല ഗേറ്റിന് മുന്നിലെ സമരത്തില്‍ അണിനിരക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. 

Similar News