ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു: ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍

Update: 2022-06-02 16:35 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്രൈസ്്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടന. യോഗി വീണ്ടും അധികാരത്തിലേറിയതോടെ സമീപകാലത്തായി ക്രൈസ്ത വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിച്ചതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ അടുത്ത ആഴ്ചകളിലായി ഒന്നിലധികം ആക്രമണ സംഭവങ്ങളും മതപരിവര്‍ത്തനം ആരോപിച്ച് അന്യായമായി ക്രിസ്ത്യന്‍ പുരോഹിതരെ തടവിലിട്ട സംഭവങ്ങളും അരങ്ങേറി.

അസംഗഡ് ജില്ലയില്‍ സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും വിശ്വാസികളെ അക്രമിക്കുകയും ചെയ്തു. അക്രമികളെ തടയുന്നതിന് പകരം പോലിസ് പാസ്റ്ററേയും ഭാര്യയേയും അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യന്‍ വിശ്വാസികളുടെ വീട് സന്ദര്‍ശിച്ച രണ്ട് പാസ്റ്റര്‍മാരേയും പോലിസ് അറസ്റ്റ് ചെയ്തു. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പോലിസ് നടപടി. ലഖിംപൂര്‍ ഖേരി ജില്ലയില്‍ ബൈബിള്‍ പഠിക്കുന്നതിനിടെ രണ്ട് ക്രിസ്ത്യാനികള്‍ ആക്രമണത്തിന് ഇരയാകുകയും തുടര്‍ന്ന് അവരെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തതായി ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങളും ആക്രമണങ്ങളും അന്യായ അറസ്റ്റുകളും ഭയാനകമാം വിധം വര്‍ധിച്ചു. പാസ്റ്റര്‍മാര്‍ തടവറയില്‍ ദുരിതം അനുഭവിക്കുമ്പോള്‍ വിശ്വാസികള്‍ ഭീതിയോടെയാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സംസ്ഥാനത്ത് 16 ക്രൈസ്തവ പുരോഹിതര്‍ തടവില്‍ കഴിയുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത വിശ്വാസി പറഞ്ഞു. അഭൂതപൂര്‍വമായ പീഡനമാണ് യുപിയില്‍ നേരിടുന്നത്. ഈ പ്രദേശത്തെ ക്രിസ്ത്യന്‍ സമൂഹം തങ്ങളുടെ വിശ്വാസം ആചരിക്കുന്നതിന്റെ പേരില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭീതിയിലാണ്.

Tags: