വൈഗൂര്‍ മുസ്‌ലിം വംശീയ ഉന്മൂലനത്തിന് കടുത്ത നടപടികളുമായി ചൈന

ചൈനീസ് സര്‍ക്കാര്‍ രേഖകള്‍, നയപരിപാടികള്‍, വൈഗൂര്‍ വിഭാഗത്തിലെ സ്ത്രീകളുമായുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ജര്‍മന്‍ ഗവേഷകനായ അഡ്രിയാന്‍ സെന്‍സാണ് പുതിയ റിപോര്‍ട്ട് പുറത്തുവിട്ടത്.

Update: 2020-06-30 15:41 GMT

ബെയ്ജിങ്: ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈന, വൈഗൂര്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടപ്പാക്കുന്നതായി റിപോര്‍ട്ട്. ജനസംഖ്യാ നിയന്ത്രണ നടപടികള്‍ക്ക് വൈഗൂരികളെ കൂട്ടത്തോടെ തടങ്കലില്‍ വയ്ക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ചൈന അടുത്ത തന്ത്രം മെനയുന്നത്. വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്. വൈഗൂര്‍ മുസ്‌ലിംകളെ പാര്‍പ്പിക്കാന്‍ ചൈന തടങ്കല്‍ പാളയങ്ങള്‍ ഒരുക്കിയതായും അഞ്ചു ലക്ഷം കുട്ടികളെ പ്രത്യേകം ബോര്‍ഡിങ് സ്‌കൂളുകളിലേക്ക് മാറ്റിയതായും നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ റിപോര്‍ട്ടിലെ എല്ലാ ആരോപണങ്ങളും ചൈന നിഷേധിച്ചു.

പടിഞ്ഞാറന്‍ സിന്‍ജ്യങ് പ്രവിശ്യയിലാണ് വൈഗൂര്‍ മുസ്‌ലിംകള്‍ കൂടുതലായും കഴിയുന്നത്. ചൈനീസ് സര്‍ക്കാര്‍ രേഖകള്‍, നയപരിപാടികള്‍, വൈഗൂര്‍ വിഭാഗത്തിലെ സ്ത്രീകളുമായുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ജര്‍മന്‍ ഗവേഷകനായ അഡ്രിയാന്‍ സെന്‍സാണ് പുതിയ റിപോര്‍ട്ടിനു പിന്നില്‍. വൈഗൂര്‍ മുസ്‌ലിം സ്ത്രീകളെയും രാജ്യത്തെ മറ്റു ചെറുന്യൂനപക്ഷങ്ങളെയും പ്രത്യേക ക്യാംപുകളിലെത്തിച്ച് ഗര്‍ഭഛിദ്രം നടത്തുന്നുവെന്നാണ് ഈ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികളും പീഡനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റി, കമ്മ്യൂണിസ്റ്റ്, മതവിരുദ്ധ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ച്, പ്രതിരോധത്തിന്റെ കണിക പോലും അവശേഷിപ്പിക്കാതെ, സര്‍ക്കാരിന് പരിപൂര്‍ണ വിധേയരായ പൗരന്മാരായി കുട്ടികളെ മാറ്റാനാണ് ശ്രമമെന്നാണ് ആരോപണം. ന്യൂനപക്ഷങ്ങള്‍ മടിയന്മാരും വര്‍ഗീയത പരത്തുന്നവരും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാത്തവരുമാണെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്- റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിരവധി ഉദാഹരണങ്ങളും റിപോര്‍ട്ടിലുണ്ട്. കസാക്കിലെ ഗുല്‍നാര്‍ ഒമിര്‍സഖിന്റെ അനുഭവം അതിലൊന്നാണ്. ചെനീസ് വംശജനായ കസാക്കിലെ ഗുല്‍നാര്‍ ഒമിര്‍സഖ് പറയുന്നതനുസരിച്ച് മൂന്നാമത്തെ കുഞ്ഞ് ജനിച്ചതിനു ശേഷമാണ് ഗര്‍ഭാശയത്തില്‍ ഐയുഡി (ഇന്‍ട്രാ യൂെ്രെടന്‍ ഡിവൈസ്) നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. രണ്ട് വര്‍ഷത്തിനു ശേഷം, സൈനിക വേഷം ധരിച്ച നാല് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. രണ്ട് കുട്ടികളില്‍ കൂടുതല്‍ ജനിച്ചതിന് മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം പിഴ നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം.

സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കല്‍, ആര്‍ത്തവം നിര്‍ത്തിക്കുന്നതിനായുള്ള ഇഞ്ചക്ഷന്‍ നല്‍കല്‍, ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്ന ഗര്‍ഭനിരോധന ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കല്‍, നിര്‍ബന്ധിത ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങിയ നടപടികളും കൈക്കൊള്ളുന്നുണ്ട്. 2015 മുതല്‍ 2018 വരെ വൈഗൂര്‍ വംശജരുടെ ജനന നിരക്ക് 60 ശതമാനത്തോളമായിരുന്നുവെങ്കില്‍ 2019ല്‍ അത് 24 ശതമാനമായി കുറഞ്ഞിരുന്നു.

Tags:    

Similar News