ചൈനയില്‍ 10 ലക്ഷം മുസ്‌ലിംകള്‍ തടങ്കല്‍കേന്ദ്രത്തില്‍; രഹസ്യരേഖ പുറത്തുവിട്ട് ന്യൂയോര്‍ക്ക് ടൈംസ്

പശ്ചിമ ചൈനയിലെ സംഘര്‍ഷ മേഖലയായ ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗുര്‍, കസഖ് വംശജരായ മുസ്‌ലിംകള്‍ എന്നിവരെയാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനാവാത്ത വിധം തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്

Update: 2019-11-18 08:23 GMT

ഹോങ്കോങ്: ചൈനയിലെ തടങ്കല്‍കേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുള്ളത് 10 ലക്ഷത്തിലേറെ മുസ്‌ലിംകളെയെന്ന് രഹസ്യരേഖ. 400ലേറെ പേജുകളുള്ള ചൈനീസ് ഭരണകൂടത്തിന്റേതെന്ന് അവകാശപ്പെടുന്ന രഹസ്യ രേഖകള്‍ 'ന്യൂയോര്‍ക്ക് ടൈംസാ'ണ് പുറത്തുവിട്ടത്. 'തീവ്രവാദ' ആശയങ്ങളുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരെ കഠിന നിയന്ത്രണങ്ങളുള്ള തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളത്. പശ്ചിമ ചൈനയിലെ സംഘര്‍ഷ മേഖലയായ ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗുര്‍, കസഖ് വംശജരായ മുസ്‌ലിംകള്‍ എന്നിവരെയാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനാവാത്ത വിധം തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഇവരെ കുറിച്ച് ആരെങ്കിലും അന്വേഷിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ സര്‍ക്കാരിന്റെ പരിശീലനകേന്ദ്രത്തിലാണെന്ന് മറുപടി നല്‍കണമെന്നാണ് ഇവരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ അധികൃതര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. തടങ്കലില്‍ കഴിയുന്നവര്‍ക്ക നല്ല ശിക്ഷണം നല്‍കുന്നുണ്ടെന്നും പുതിയ വ്യവസായങ്ങള്‍ വരുമ്പോള്‍ അവര്‍ക്കു ജോലി നല്‍കുമെന്നും രഹസ്യരേഖയില്‍ പറയുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, റിപോര്‍ട്ടിനെ കുറിച്ച് ചൈനീസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

   



 

പതിറ്റാണ്ടുകളായി ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള സര്‍ക്കാര്‍ രേഖകള്‍ ചോര്‍ന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇതെന്നാണ് വിലയിരുത്തല്‍. ഭരണകൂടത്തിന്റെ ഭാഗമായുള്ളവരില്‍ നിന്നു തന്നെയാണ് രേഖകള്‍ ചോര്‍ന്നതെന്നാണു സൂചന. ഉയ്ഗൂര്‍ മുസ് ലിംകളെ അടിച്ചമര്‍ത്തുന്ന ഭരണകൂട നയങ്ങള്‍ക്കെതിരേ ഭരണകക്ഷിക്കുള്ളില്‍ നിന്നു തന്നെ ശക്താമായ പ്രതിഷേധം ഉയരുന്നുവെന്ന സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു. 'തീവ്രവാദ' ആശയമുള്ളവരോട് യാതൊരു വിധ കരുണയും കാണിക്കരുതെന്ന് അംഗങ്ങള്‍ക്ക് രഹസ്യനിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

    റിപോര്‍ട്ട് പുറത്തുവന്നതോടെ ചൈനയ്‌ക്കെതിരേ പ്രതിഷേധം ശക്തമാവുന്നുണ്ട്. ലോക ഉയ്ഗൂര്‍ കോണ്‍ഗ്രസ് ചൈനയെ 'തടങ്കല്‍പ്പാളയങ്ങളുള്ള രാജ്യം' എന്ന് ട്വിറ്ററില്‍ വിശേഷിപ്പിച്ചു. നിരവധി സാമൂഹികപ്രവര്‍ത്തകരും റിപോര്‍ട്ടില്‍ ആശങ്ക അറിയിച്ച് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.




Tags: