സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

സുപ്രിംകോടതിക്കും ചീഫ് ജസ്റ്റിസിന്റെ ഓഫിസിനും വിവരാവകാശ നിയമം ബാധകമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് പൊതു അതോറിറ്റിയാണ്. സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നതാണ്. വിവരാവകാശവും സ്വകാര്യതയ്ക്കുള്ള അവകാശവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് ഭൂരിപക്ഷ വിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി.

Update: 2019-11-13 09:32 GMT

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ ഓഫിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസുമാരായ എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ വിധിയോട് യോജിച്ചെങ്കിലും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സുതാര്യത ഉറപ്പാക്കുമ്പോള്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം തടസ്സപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രിംകോടതിക്കും ചീഫ് ജസ്റ്റിസിന്റെ ഓഫിസിനും വിവരാവകാശ നിയമം ബാധകമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് പൊതു അതോറിറ്റിയാണ്. സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നതാണ്. വിവരാവകാശവും സ്വകാര്യതയ്ക്കുള്ള അവകാശവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് ഭൂരിപക്ഷ വിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി.

സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന വര്‍ഷങ്ങള്‍നീണ്ട തര്‍ക്കത്തിനാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ച് തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി സുഭാഷ് ചന്ദ്ര അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതോടെയാണ് ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. സുഭാഷ് ചന്ദ്ര അഗര്‍വാള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സുപ്രിംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അത് നടപ്പായില്ല. തുടര്‍ന്ന് വിഷയം കോടതി കയറുകയായിരുന്നു. 2009 സപ്തംബറിലാണ് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് നിര്‍ണായക വിധി പ്രഖ്യാപിച്ചത്.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പബ്ലിക് അതോറിറ്റിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചീഫ് ജസ്റ്റിസും വിവരാവകാശനിയമത്തിന് കീഴില്‍ വരുമെന്ന് ജസ്റ്റിസ് ഭട്ട് വിധിച്ചത്. സുപ്രിംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ തടസ്സവാദങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു ആ വിധിപ്രഖ്യാപനം. നീതിന്യായ സംവിധാനമടക്കം എല്ലാ സംവിധാനങ്ങളും പുതിയ കാലത്ത് തുറന്നുകാണപ്പെടേണ്ടതാണെന്നും അതില്‍ നിയമസംവിധാനത്തിന് മാത്രം ഒഴിവുകഴിവ് പറയാനാവില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ഭട്ട്, 72 പേജുള്ള വിധി പ്രസ്താവിച്ചത്. ഇദ്ദേഹം പിന്നീട് സുപ്രിംകോടതി ജഡ്ജിയായി നിയമിതനാവുകയും ചെയ്തു.

ജസ്റ്റിസ് ഭട്ടിന്റെ വിധിക്കെതിരേ സുപ്രിംകോടതി, ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. പക്ഷേ, 2010 ജനുവരി 12ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ പി ഷാ ജസ്റ്റിസുമാരായ വിക്രംജീത് സെന്‍, എസ് മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ച് സിംഗിള്‍ബെഞ്ചിന്റെ വിധിപ്രഖ്യാപനം ശരിവച്ചു. ഇതിനെതിരേ 2010 നവംബറില്‍ സുപ്രിംകോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അപ്പീല്‍ നല്‍കി. ഇത് പരിഗണിച്ചു സുപ്രിംകോടതി ഹൈക്കോടതി വിധി റദ്ദാക്കി. ആറുവര്‍ഷത്തിനുശേഷം 2016ലാണു ഹരജി അഞ്ചംഗ ഭരണഘടന ബെഞ്ചിനു വിട്ടത്. 

Tags:    

Similar News