റിസോര്‍ട്ട് രാഷ്ട്രീയം കലുഷിതമാവുന്നു; കയ്യാങ്കളിയുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍; തല പൊട്ടിയ എംഎല്‍എ ആശുപത്രിയില്‍

വാര്‍ത്തകള്‍ വ്യാജമാണെന്നും നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു.

Update: 2019-01-20 09:09 GMT

ബംഗളൂരു: കര്‍ണാടകയിലെ റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. സഹ എംഎല്‍എയുടെ കുപ്പികൊണ്ടുള്ള അടിയേറ്റ് തല പൊട്ടിയ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെന്നാണ് റിപോര്‍ട്ട്.

ഓപറേഷന്‍ ലോട്ടസുമായി ബിജെപി പതിനെട്ടടവും പയറ്റുന്നതിനിടെ തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.ബിജെപി തങ്ങളുടെ എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതിനു പിന്നാലെയാണ് സമാന നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ട് വന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കായിരുന്നു അംഗങ്ങളെ മാറ്റിയിരുന്നത്. റിസോര്‍ട്ട് വാസത്തില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കയ്യാങ്കളിയും റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജെ എന്‍ ഗണേഷ് എംഎല്‍എയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആനന്ദ് സിങ് എംഎല്‍എയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ എത്തിയെങ്കിലും തന്നെ അകത്തേക്ക് കടത്തിവിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രഘുനാഥ് പ്രതികരിച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍ ഡികെ സുരേഷ് ആശുപത്രിയിലെത്തിയ നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.

അതേസമയം, വാര്‍ത്തകള്‍ വ്യാജമാണെന്നും നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസിലെ തമ്മിലടി ബിജെപി ആഘോഷമാക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയിലെ ഭിന്നത മറനീക്കി എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.ആനന്ദ് സിങിന് വേഗത്തില്‍ ഭേദമാകട്ടെ, കോണ്‍ഗ്രസിലെ കലഹത്തിന് കാരണം തങ്ങളല്ല, കോണ്‍ഗ്രസിന്റെ പുതിയ വാദം എന്ത്... തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ച് ഒട്ടേറെ ട്വീറ്റുകള്‍ ബിജെപി ചെയ്തിട്ടുണ്ട്.

എന്നാല്‍ ബിജെപി ആരോപിക്കുന്നത് പോലെ യാതൊരു പ്രശ്‌നവും റിസോര്‍ട്ടില്‍ ഇല്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. എല്ലാവരും ഐക്യത്തോടെ വരുന്നത് നിങ്ങള്‍ കണ്ടോളൂ എന്നും ശിവകുമാര്‍ പ്രതികരിച്ചു.

രണ്ടു എംഎല്‍എമാര്‍ എവിടെ എന്ന ചോദ്യത്തിന് അവര്‍ മുറിയിലുണ്ട് എന്നാണ് ശിവകുമാര്‍ നല്‍കിയ മറുപടി. എല്ലാവരും പുറത്തുവരും. നിങ്ങളുമായി കാണുകയും ചെയ്യുമെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസിന്റെ എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റിയത്.

Tags:    

Similar News