ചെന്നൈയിലെ ലാത്തിച്ചാര്‍ജ്: ഉത്തരവിട്ടത് തൂത്തുക്കുടിയില്‍ വെടിവച്ച ഉദ്യേഗസ്ഥന്‍; പരിശീലനം ഇസ്രായേലില്‍

മുന്നറിയിപ്പില്ലാതെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ച പോലിസ് നടപടിയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെയാണ് ചെന്നൈയില്‍ ലാത്തിച്ചാര്‍ജ് നടത്തിയത്

Update: 2020-02-16 06:48 GMT

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ തമിഴ്‌നാട്ടിലെ ചെന്നൈയില്‍ സമാധാനപരമായി തുടരുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ കഴിഞ്ഞദിവസം ലാത്തിച്ചാര്‍ജ് നടത്താന്‍ ഉത്തരവിട്ടത് തൂത്തുക്കുടിയില്‍ പ്രക്ഷോഭകര്‍ക്കു നേരെ വെടിവച്ച പോലിസ് ഉദ്യോഗസ്ഥന്‍. ഇസ്രായേലില്‍ നിന്നു പരിശീലനം നേടിയ ഡി ഐജി കപില്‍കുമാര്‍ സരത്കറാണ് ചെന്നൈയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായ ക്രൂരമായ ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കിസാന്‍ ക്രാന്തി ദള്‍ അധ്യക്ഷനുമായ അമരേശ് മിശ്ര ആരോപിച്ചു. മുന്നറിയിപ്പില്ലാതെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ച പോലിസ് നടപടിയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെയാണ് ചെന്നൈയില്‍ ലാത്തിച്ചാര്‍ജ് നടത്തിയത്. പോലിസ് നടപടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.


എന്നാല്‍, പോലിസ് ലാത്തിച്ചാര്‍ജിനു ശേഷം ചെന്നൈയിലെ വിവിധ മേഖലകളില്‍ ആളുകള്‍ ഒന്നിച്ച് ചേര്‍ന്ന് 20ലേറെ സ്ഥലത്തേക്ക് പ്രക്ഷോഭം വ്യാപിപ്പിച്ചു. കാര്യമായ പ്രകോപനമൊന്നുമില്ലാതെയായിരുന്നു പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

    തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരേ നടന്ന പ്രതിഷേധത്തില്‍ 13 പേര്‍ കൊല്ലപ്പെട്ട വിവാദ വെടിവയ്പിനു ചട്ടം ലംഘിച്ച് ഉത്തരവിട്ടത് ഡി ഐജി കപില്‍കുമാര്‍ സരത്കറാണെന്നു നേരത്തേ പുറത്തുവന്നിരുന്നു. 2018 മെയിലാണ് തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ സംസ്‌കരണ ശാലയ്‌ക്കെതിരേ സമരം നടത്തിയവര്‍ക്കു നേരെ പോലിസ് നിര്‍ദാക്ഷിണ്യത്തോടെ വെടിയുതിര്‍ത്തത്. അന്ന് കൊല്ലപ്പെട്ട 13ല്‍ 12പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും തലയിലുമെന്ന് പോസറ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു.


സാധാരണയായി ജനകീയ പ്രക്ഷോഭങ്ങളോ സമരങ്ങളോ അക്രമാസക്തമാവുകയാണെങ്കില്‍ തന്നെ പിന്തിരിപ്പിക്കാന്‍ വേണ്ടി അരയ്ക്കു താഴെ മാത്രമേ വെടിവയ്ക്കാവൂവെന്ന് നിയമം. എന്നാല്‍, ലണ്ടന്‍ ആസ്ഥാനമായ വേദാന്ത കമ്പിയുടെ പ്ലാന്റ് പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടത്തിയ പ്രക്ഷോഭകര്‍ക്കു നേരെ തിരുനല്‍വേലി ഡി ഐജിയായിരുന്ന കപില്‍കുമാര്‍ സരത്കറിന്റെ ഉത്തരവ് പ്രകാരം നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് വെടിവച്ചത്. വെടിവയ്പ് സംബന്ധിച്ച് സിബിഐ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒരു പോലിസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടില്ല.




Tags:    

Similar News