കർഷകരുടെ പോരാട്ടത്തിന് മുന്നിൽ വഴങ്ങി കേന്ദ്രം; സമാധാനപരമായ പ്രക്ഷോഭത്തിന് അനുമതി
കനത്ത സുരക്ഷാ വിന്യാസം ഉണ്ടായിരുന്നിട്ടും, പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും പ്രക്ഷോഭം നടത്തുന്ന കർഷകരുടെ സംഘം വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ രണ്ട് അതിർത്തികൾക്കടുത്തെത്തിയിരുന്നു.
ചണ്ഡിഗഡ്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഛലോ ഡൽഹി പ്രക്ഷോഭത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ഡൽഹിയിലെത്താതെ പിൻവാങ്ങില്ലെന്ന കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു.
ഞങ്ങളെ സുരക്ഷിതമായി ഡൽഹിയിലേക്ക് പോകാൻ അനുവദിച്ചുവെന്ന് ക്രാന്തികാരി കിസാൻ യൂനിയൻ പ്രസിഡന്റ് ദർശൻ പാൽ അവകാശപ്പെട്ടു. പ്രക്ഷോഭം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹിയിലെ ബുരാരിയിൽ സ്ഥലം അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഇത് സ്ഥിരീകരിച്ചു.
കനത്ത സുരക്ഷാ വിന്യാസം ഉണ്ടായിരുന്നിട്ടും, പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും പ്രക്ഷോഭം നടത്തുന്ന കർഷകരുടെ സംഘം വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ രണ്ട് അതിർത്തികൾക്കടുത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വഴിയിൽ പോലിസ് ബാരിക്കേഡുകൾ തകർത്താണ് ഛലോ ഡൽഹി മാർച്ച് ഡൽഹി അതിർത്തിയിലെത്തിയത്.
ഞങ്ങൾ ഡൽഹിയിൽ പ്രവേശിക്കും. ഈ കർഷക വിരുദ്ധ നിയമങ്ങൾ ഞങ്ങൾ റദ്ദാക്കുമെന്ന് കർഷകർ ഒന്നടങ്കം മുദ്രാവാക്യം മുഴക്കിയാണ് ഡൽഹി അതിർത്തിയിലെത്തിയത്. കാർഷിക ഉൽപന്നങ്ങളുടെ വിൽപന നിയന്ത്രിക്കുന്ന പുതിയ നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യം നിറവേറാതെ പിൻമടക്കമില്ലെന്നാണ് സംയുക്ത കർഷക യൂനിയൻ നിലപാട്.
