പ്രളയം: രക്ഷാ ദൗത്യത്തിനും പണം ആവശ്യപ്പെട്ട് കേന്ദ്രം; കേരളം കേന്ദ്രത്തിന് നല്‍കേണ്ടത് 290.67 കോടി രൂപ

പ്രളയക്കെടുതി രക്ഷാദൗത്യത്തിന് സൈനിക വിമാനങ്ങള്‍ എത്തിയതിനും റേഷന്‍ വിഹിതം അനുവദിച്ചതിനും പണം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. വിമാനം എത്തിയതിന് മാത്രമായി ആവശ്യപ്പെട്ട് 25 കോടിരൂപ.

Update: 2018-11-29 12:13 GMT

തിരുവനന്തപുരം: നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ വീണ്ടും ദുരിതത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രളയക്കെടുതി രക്ഷാദൗത്യത്തിന് സൈനിക വിമാനങ്ങള്‍ എത്തിയതിനും റേഷന്‍ വിഹിതം അനുവദിച്ചതിനും പണം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. വിമാനം എത്തിയതിന് മാത്രമായി ആവശ്യപ്പെട്ട് 25 കോടിരൂപ. വിമാനത്തിനും റേഷനുമായി സംസ്ഥാനം 290.67 കോടി രൂപ നല്‍കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

പ്രളയകാലത്ത് സൗജന്യ അരിയും മണ്ണെണ്ണയും അനുവദിക്കാത്ത കേന്ദ്ര നടപടി വന്‍ വിവാദമായിരുന്നു. പിന്നാലെയാണ് രക്ഷാദൗത്യത്തിന് വിമാനം വന്നതിനും പണം ചോദിക്കുന്നത്. ഇതിന് മാത്രം വ്യോമസേനയും കേന്ദ്ര സര്‍ക്കാറും ആവശ്യപ്പെട്ട്ത് 25 കോടിയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അരിയും മണ്ണെണ്ണയും സൗജന്യമാക്കണമെന്ന ആവശ്യവും ഇതുവരെ കേന്ദ്രം അംഗീകരിച്ചിട്ടില്ല.

26718 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. 31000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് വേണം. കേന്ദ്രം ഇതുവരെ നല്‍കിയത് 600 കോടി രൂപ മാത്രാമാണെന്നും ചട്ടം 300 പ്രകാരം പിണറായി വിജയന്‍ സഭയെ അറിയിച്ചു.

പുനനിര്‍മാണത്തിന് ആവശ്യമായ സഹായങ്ങളൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സഹായം എത്തുന്നത് തടയുന്ന സമീപനമാണ് സ്വീകരിച്ചത്. യുഎഇ നല്‍കാമെന്നേറ്റ 700 കോടിയുടെ സഹായവും ഖത്തറിന്റേയും മറ്റും രാജ്യങ്ങളുടേയും സഹായവും കേന്ദ്രം ഇടപെട്ട് തടഞ്ഞത് വന്‍ വിവാദമായിരുന്നു. ഇതിനിടേയാണ് കേരളത്തെ സഹായിച്ചതിന് കേന്ദ്രം പണം ആവശ്യപ്പെടുന്നത്.

Tags: