ബാങ്ക് ലയനം; മാര്‍ച്ച് 27 ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ് ബാങ്ക് പണിമുടക്ക് നടത്തുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍,ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഡി ഗോപിനാഥ് എന്നിവര്‍ അറിയിച്ചു.10 ബാങ്കുകളെ നാലു ഗ്രൂപ്പായി ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ ഒന്നിന് ലയനം നടപ്പാക്കനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളതെന്നും ഇവര്‍ വ്യക്തമാക്കി

Update: 2020-03-04 14:58 GMT

കൊച്ചി:കേന്ദ്രസര്‍ക്കാരിന്റെ ബാങ്ക് ലയന നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 27 ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍,ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഡി ഗോപിനാഥ് എന്നിവര്‍  അറിയിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ് ബാങ്ക് പണിമുടക്ക് നടത്തുന്നത്.

10 ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക,ലയനം വഴി 6 ബാങ്കുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കുക,ഐഡിബി ഐ ബാങ്കിനെ സ്വകാര്യവല്‍ക്കാരിക്കരുത്,ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങള്‍ ഉപേക്ഷിക്കുക,വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിയെടുക്കുക,നിക്ഷേപ പലിശ ഉയര്‍ത്തുക,സര്‍വീസ് ചാര്‍ജ്ജുകള്‍ കുറയ്ക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി മാര്‍ച്ച് 27 ന് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

10 ബാങ്കുകളെ നാലു ഗ്രൂപ്പായി ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.പഞ്ചാബ് നാഷണല്‍ ബാങ്ക്,ഓറിയന്റല്‍ ബാങ്ക് ഓഫ്കൊമേഴ്‌സ്,യുനൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകള്‍ ഒരു ഗ്രൂപ്പാക്കിയും കനറാ ബാങ്ക്,സിന്‍ഡികേറ്റ് ബാങ്ക് എന്നിവ മറ്റൊരു ഗ്രൂപ്പാക്കിയും,യൂനിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്,കോര്‍പറേഷന്‍ ബാങ്ക്, എന്നിവ മറ്റൊരു ഗ്രൂപ്പാക്കിയും, അലഹാബാദ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവ അടുത്ത മറ്റൊരു ഗ്രൂപ്പാക്കിയുമാണ് ലയിപ്പിക്കുന്നത്.ഏപ്രില്‍ ഒന്നിന് ലയനം നടപ്പാക്കനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളതെന്നും ഇവര്‍ വ്യക്തമാക്കി. 

Tags: